25 August, 2026 01:07:30 PM
ശിശുക്ഷേമ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് ഓണസദ്യയും ഔട്ടിങ്ങും സിനിമയും; 2 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന വനിതാ-ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികളുടെ ഓണാഘോഷങ്ങൾക്കായി സർക്കാർ പ്രത്യേക ധനസഹായമായി 2 ലക്ഷം രൂപ അനുവദിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ അഭ്യർത്ഥന പ്രകാരം മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം കേരള ഫിനാൻഷ്യൽ കോർപ്പറേഷനാണ് തുക അനുവദിച്ചത്. സംസ്ഥാനത്തൊട്ടാകെയുള്ള 16 സംരക്ഷണ കേന്ദ്രങ്ങളിലെ 250-ഓളം കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഓണദിവസങ്ങളിൽ കുട്ടികൾക്ക് ഓണസദ്യ, ഔട്ടിംഗ്, സിനിമ കാണാനുള്ള സൗകര്യം എന്നിവ ഇതിലൂടെ ഒരുക്കും.
അതേസമയം, സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണത്തിനായി 1105 കോടി രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്. 51.59 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷനായി 951.40 കോടി രൂപ സംസ്ഥാന വിഹിതമായി വകയിരുത്തി. ക്ഷേമനിധി ബോർഡുകൾ വഴി പെൻഷൻ നൽകുന്നതിനായി 130.32 കോടി രൂപയും, ദേശീയ സാമൂഹ്യ സഹായ പദ്ധതിക്ക് കീഴിലുള്ള വാർദ്ധക്യ, ഭിന്നശേഷി, വിധവാ പെൻഷനുകൾക്കായി കേന്ദ്ര-സംസ്ഥാന വിഹിതമായി 24.76 കോടി രൂപയും നീക്കിവെച്ചു.


