05 August, 2026 10:34:18 AM
ജെസ്‌ന തിരോധാനം: 6 മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് ഹെെക്കോടതി

കൊച്ചി: കാണാതായ മുക്കൂട്ടുതറ സ്വദേശിനി ജെസ്ന മറിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം ആറു മാസത്തിനകം പൂർത്തിയാക്കണമെന്ന് സി.ബി.ഐക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. സി.ബി.ഐ സംഘം തങ്ങളെ നിരന്തരം ചോദ്യം ചെയ്ത് ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് ഇടുക്കി ഉപ്പുകണ്ടം സ്വദേശി ടി.യു. അരുൺ നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
ഹർജിക്കാരൻ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും സി.ബി.ഐ അന്വേഷണം നിയമപരമായി മുന്നോട്ട് കൊണ്ടുപോകണമെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരനെതിരെ ചില സംശയകരമായ സാഹചര്യങ്ങൾ സി.ബി.ഐ ചൂണ്ടിക്കാണിച്ചിട്ടുള്ളതിനാൽ ഇപ്പോൾ ക്ലീൻ ചിറ്റ് നൽകാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
അന്വേഷണവുമായി സഹകരിക്കുകയും ഫോണടക്കം കൈമാറുകയും ചെയ്തിട്ടും സി.ബി.ഐ ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നുവെന്നും, പോളിഗ്രാഫ്, ബ്രെയിൻ മാപ്പിങ് പരിശോധനകൾക്ക് വിധേയനായ തന്റെ ജോലി പോലും നഷ്ടപ്പെട്ടുവെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ അന്വേഷണം അനിശ്ചിതമായി നീട്ടാൻ കഴിയില്ലെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണമെന്നും കോടതി പറഞ്ഞു. 2018 മാർച്ച് 22-നാണ് ജെസ്നയെ കാണാതാകുന്നത്.


