03 August, 2026 11:38:00 AM
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 9 പേർക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒൻപത് പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതികള്‍ക്കെതിരെ വധശ്രമം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇഡി ഉദ്യോഗസ്ഥരുടെ പരിക്ക് ഗുരുതരമല്ലെന്നും കോടതി പറഞ്ഞു. പ്രതികള്‍ 67 ദിവസം കസ്റ്റഡിയില്‍ ഉണ്ടായിരുന്നു. എന്നിട്ടും ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനായില്ല. പിന്നെ എന്തിന് പ്രതികള്‍ കസ്റ്റഡിയില്‍ തുടരണമെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.
മെയ് 27നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പ്രതികളുടെ ജാമ്യപേക്ഷ തിരുവനന്തപുരത്തെ കോടതികള്‍ തള്ളിയത്തോടെയാണ് ഹൈകോടതിയെ സമീപിച്ചത്. ഒന്‍പതാം പ്രതി ഹരീഷ് കുമാറിന് മാത്രമാണ് ഇതിന് മുമ്പ് ജാമ്യം ലഭിച്ചത്.


