28 July, 2026 12:37:44 PM


പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന് പരാതി; ജാന്‍മണിക്കെതിരെ കേസെടുത്തു



തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്റെ അമ്മയേയും നവ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍ മണിക്കെതിരെ കേസെടുത്തു. കോഴിക്കോട് സൈബര്‍ പൊലീസ് ആണ് കേസടുത്തത്. മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നവ്യാ ഹരിദാസ് നല്‍കിയ പരാതിയിലാണ് നടപടി. ഇന്നലെ കേരളത്തിലെ മുഴുവന്‍ പൊലീസ് സ്‌റ്റേഷനുകളിലും പരാതി നല്‍കാന്‍ മഹിളാ മോര്‍ച്ച തീരുമാനമെടുത്തിരുന്നു.

ഇന്നലെയാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഷൗക്കത്തലിക്ക് നവ്യ ഹരിദാസ് പരാതി നല്‍കിയത്. പ്രധാനമന്ത്രിയെ ജാന്‍മണി അപമാനിച്ചതായി നവ്യ ഹരിദാസ് ആരോപിച്ചിരുന്നു. പരാമര്‍ശത്തിന് പിന്നില്‍ ഭാഷാ പരിമിതി അല്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ജാന്‍മണിയുടെ മാപ്പ് പറച്ചില്‍ അംഗീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിനുശേഷം മാപ്പ് പറഞ്ഞാല്‍ തീരില്ലെന്നുമായിരുന്നു മഹിളാ മോര്‍ച്ചയുടെ നിലപാട്. നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും മറ്റ് പൊലീസ് സ്റ്റേഷനുകളിലും മഹിളാ മോര്‍ച്ച പരാതി നല്‍കിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.

ജന്തര്‍ മന്തര്‍ സമരത്തിന്റ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജന്‍മണിയുടെ പരാമര്‍ശം ഉണ്ടായത്. പ്രധാമന്ത്രിയേയും അദ്ദേഹത്തിന്റെ മാതാവിനേയും അധിക്ഷേപിക്കുന്ന നിലയിലായിരുന്നു പരാമര്‍ശം. എന്നാല്‍ പലയിടങ്ങളില്‍ നിന്നും ഭീഷണി കോളുകള്‍ വന്നതിനെ തുടര്‍ന്ന് ജാന്‍മണി മാപ്പ് പറയുകയായിരുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കുന്നുവെന്നും ജാന്‍മണി ദാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞിരുന്നു.

'എന്റെ ഒരു വീഡിയോ ഭയങ്കര പ്രശ്നമായിപ്പോയി. സത്യം പറഞ്ഞാല്‍ അതെനിക്ക് അറിയില്ല. ഡല്‍ഹിയിലെ ഒരു കണ്ടന്റ് കണ്ട്, മീഡിയ ചോദിച്ചപ്പോള്‍ കാര്യം പറഞ്ഞു. ചിലപ്പോള്‍ ഞാന്‍ മലയാളം പറയുന്നത് ശരിയാകില്ല' എന്നായിരുന്നു ജാന്‍മണിമയുടെ വിശദീകരണം. 'രാവിലെ മുതല്‍ എനിക്ക് കുറേ ഭീഷണി കോളുകളും മെസേജുകളും വന്നപ്പോള്‍ കാര്യം മനസ്സിലായില്ല. എന്റെ കുറേ സുഹൃത്തുക്കള്‍ വിളിച്ച് അത് വലിയ പ്രശ്നമാണെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ എന്റെ വീഡിയോ നല്‍കിയവരോടെല്ലാം ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു' എന്നും അവര്‍ പറഞ്ഞിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956