08 July, 2026 07:56:22 PM
പൂനെയിൽ മാലിന്യക്കൂമ്പാരം ഇടിഞ്ഞു വീണ് കെട്ടിടം തകർന്നു; നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു

പൂനെ: മഹാരാഷ്ട്രയില്‍ ശക്തമായ മഴയില്‍ കെട്ടിടം തകര്‍ന്ന് നിരവധി പേര്‍ കുടുങ്ങി. പൂനെയിലെ പിംപ്രി ചിഞ്ച്‌വാഡിലാണ് കെട്ടിടം തകര്‍ന്നത്. സംഭവ സ്ഥലത്ത് നിരവധി ആളുകള്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ 13-14 പേര്‍ വരെ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി പിംപ്രി ചിഞ്ച്‌വാഡ് അഗ്‌നിശമന സേന അറിയിച്ചിട്ടുണ്ട്. അപകടം നടന്നയുടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെന്നും അധികൃതര്‍ അറിയിച്ചു. കനത്ത മഴയെത്തുടര്‍ന്ന് കെട്ടിടത്തിനടുത്തുള്ള വലിയ മാലിന്യക്കൂമ്പാരം നീങ്ങിയതാണ് കെട്ടിടം തകരാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മാലിന്യ ഡിപ്പോയുടെ ഭാഗമാണ് ഈ കെട്ടിടം. നഗരത്തിലെ മുഴുവന്‍ മാലിന്യങ്ങളും ദിവസവും തരംതിരിച്ച് ഇവിടെക്കാണ് എത്തിക്കുന്നത്.




