08 July, 2026 07:45:55 PM
കാണാതായ പാക് വിമാനം അറബിക്കടലില്‍ തകര്‍ന്നു വീണു; അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു

കറാച്ചി: യാത്രയ്ക്കിടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായ ചരക്ക് വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണതായി പാകിസ്താന്‍. വിമാനത്തിലുണ്ടായിരുന്ന അഞ്ച് ക്രൂ അംഗങ്ങളും മരിച്ചു. ഷാര്‍ജയില്‍ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന കാര്‍ഗോ വിമാനമായ ബോയിംഗ് 737 ആണ് അപകടത്തില്‍പെട്ടത്. ചൊവ്വാഴ്ചയാണ് വിമാനം യാത്ര പുറപ്പെട്ടത്. വിമാനത്തിന് 27 വർഷത്തെ പഴക്കമുണ്ട്.
പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കകം എയര്‍ ട്രാഫിക് കണ്‍ട്രോളറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണെന്ന് വ്യക്തമയത്. സംഭവത്തില്‍ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ദുഃഖം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ചു.
പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഒർമാരയ്ക്ക് സമീപം അറബിക്കടലിന് മുകളിലാണ് വിമാനം കാണാതായതെന്ന് പാക് വാർത്താ ചാനലായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. വിമാനം കണ്ടെത്തുന്നതിനായി വിവിധ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ട് വിപുലമായ തെരച്ചിൽ ആരംഭിച്ചതായി പാക് എയർപോർട്ട് അതോറിറ്റിയും അറിയിച്ചിരുന്നു. പിന്നാലെയാണ് വിമാനം അറബിക്കടലിൽ പതിച്ചതായി വ്യക്തമായത്.



