29 June, 2026 12:25:19 PM
കഫം നീക്കം ചെയ്യാനുള്ള മരുന്ന് കണ്ണിലൊഴിച്ചു; മധ്യപ്രദേശിൽ 19 മാസം പ്രായമായ കുഞ്ഞിന് കാഴ്ച നഷ്ടമായി

ഭോപ്പാല്‍: മധ്യപ്രദേശിലെ സാഗറില്‍ സർക്കാർ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിച്ച കുട്ടിക്ക് കാഴ്ചനഷ്ടമായതായി പരാതി. ജലദോഷം, ചുമ, കണ്ണുകളില്‍ ചുവപ്പ് എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ദ സിവില്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ച 19 മാസം പ്രായമുള്ള കുട്ടിയുടെ കാഴ്ചശക്തിയാണ് നഷ്ടപ്പെട്ടത്.
ഭൂസ കമാല്‍പൂര്‍ ഗ്രാമത്തിലെ ഇന്ദ്രജ് വിശ്വകര്‍മ 2026 മെയ് 29-നാണ് തന്റെ മകനെ ചികിത്സയ്ക്കായി കൊണ്ടുപോയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കുട്ടിക്ക് ജലദോഷം, ചുമ, കണ്ണുകളില്‍ ചുവപ്പ് തുടങ്ങിയവ ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന ശിശുരോഗ വിദഗ്ദ്ധനായ ഡോ. ഹിമാന്‍ഷു വര്‍മ്മയെ കാണിച്ചു.
കുട്ടിയെ പരിശോധിച്ച ശേഷം ഡോക്ടര്‍ കണ്ണില്‍ ഒഴിക്കാനായി തുള്ളിമരുന്നും പാരസെറ്റമോള്‍ സിറപ്പ്, മറ്റ് മരുന്നുകള്‍, കുത്തിവയ്പ്പ് എന്നിവയും നിര്‍ദ്ദേശിച്ചു. എന്നാല്‍ ചികിത്സയ്ക്കിടെ കഫം നീക്കം ചെയ്യുന്നതിനുള്ള മരുന്ന് അബദ്ധത്തില്‍ കുട്ടിയുടെ കണ്ണുകളില്‍ ഒഴിച്ചതാണ് പ്രശ്‌നമായതെന്നാണ് ആരോപണം.
തുടര്‍ന്ന് കുട്ടിയുടെ ആരോഗ്യനില വഷളായി എന്ന് പിതാവ് പറയുന്നു. കുട്ടി സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയില്‍ കുടുംബം നാല് മണിക്കൂര്‍ വരെ ആശുപത്രിയില്‍ തുടര്‍ന്നു. എന്നാല്‍ കുട്ടിയുടെ നില വഷളായി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കുട്ടിയെ സാഗറിലെ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവിടെ നിന്നും കുട്ടിയെ ഭോപ്പാലിലെ എയിംസിലേക്ക് കൊണ്ടുപോയി.
എയിംസില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിക്കുകയും കുട്ടിയുടെ കാഴ്ചശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടതായി അറിയിക്കുകയുമായിരുന്നു. സംഭവത്തിന് ഉത്തരവാദികളായ ഡോക്ടര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ദ്രജ് വിശ്വകര്‍മ പരാതി നല്‍കി.
വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചു. സാഗര്‍ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗംഗാ പ്രസാദ് ആര്യ മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.




