26 June, 2026 08:29:59 PM


'ജനനായകന്‍' ചിത്രത്തിന്റെ നിര്‍മാതാവിന് പുതിയ നിയമനം നല്‍കി വിജയ് സര്‍ക്കാര്‍



ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും നിയമന വിവാദം. ചലച്ചിത്ര നിര്‍മ്മാതാവ് വെങ്കട്ട് കെ നാരായണയെ തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി ആയി നിയമിച്ചു. മുഖ്യമന്ത്രി ജോസഫ് വിജയ് ഏറ്റവുമൊടുവില്‍ അഭിനയിച്ച ജനനായകന്‍ എന്ന സിനിമയുടെ നിര്‍മ്മാതാവാണ് വെങ്കട്ട്. ഒരു വര്‍ഷത്തേക്കാണ് നിയമനമെന്ന് ചീഫ് സെക്രട്ടറി എം സായ് കുമാര്‍ പറഞ്ഞു.

ജൂണ്‍ 23-നാണ് നിയമന ഉത്തരവ് പുറത്തിറങ്ങിയത്. വെങ്കട്ട് നാരായണയ്ക്കുളള നിബന്ധനകളും വ്യവസ്ഥകളും പിന്നീട് പുറപ്പെടുവിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് വിജയ് ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തുമ്പോള്‍ വെങ്കട്ട് നാരായണയും കൂടെയുണ്ടായിരുന്നു. അടുത്തിടെ മലയാളത്തില്‍ പുറത്തിറങ്ങിയ 'ബാലന്‍ ദി ബോയ്' എന്ന സിനിമയുടെ സഹനിര്‍മ്മാതാവ് കൂടിയാണ് വെങ്കട്ട് കെ നാരായണ.

തമിഴ്‌നാട്ടില്‍ ടിവികെ അധികാരത്തിലെത്തുമെന്ന് പ്രവചിച്ച ജോത്സ്യന് വിജയ്‌യുടെ ഓഫീസില്‍ നിയമനം നല്‍കിയതും വിവാദമായിരുന്നു. രാധന്‍ പണ്ഡിറ്റ് വെട്രിവേല്‍ എന്നയാളെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക ഓഫീസറായായിരുന്നു നിയമിച്ചത്. നടപടിയില്‍ സഖ്യകക്ഷികള്‍ക്കുളളില്‍ നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നതോടെ തീരുമാനം റദ്ദാക്കേണ്ടിവന്നു ടിവികെ സര്‍ക്കാരിന്. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ചത് ഈ ജോത്സ്യനാണെന്ന റിപ്പോര്‍ട്ടും അതിനിടെ പുറത്തുവന്നിരുന്നു.  പിന്നീട് നടപടി റദ്ദാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937