22 June, 2026 03:12:06 PM
ഫിലിപ്പീൻസിൽ സ്കൂളിൽ വെടിവയ്പ്; 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ഫിലിപ്പീൻസിലെ ടാക്ലോബാൻ സിറ്റിയിലെ സാൻ ജോസ് നാഷണൽ ഹൈസ്കൂളിൽ നടന്ന വെടിവയ്പിൽ മൂന്ന് വിദ്യാർഥികൾ കൊല്ലപ്പെട്ടു. 5 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരാൾ ഒളിവിലാണ്. 1500 ഓളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലാണ് ആക്രമണമുണ്ടായത്. സംഭവത്തെ തുടർന്ന് സമീപത്തുള്ള 8 സ്കൂളുകളിലെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ആക്രമികളിൽ ഒരാൾ ഇതേ സ്കൂളിലെ വിദ്യാർഥിയാണെന്നും പൊലീസ് വ്യക്തമാക്കി. ക്ലാസുകൾ നടക്കുന്നതിനിടെ രാവിലെ 9 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. വിദ്യാർഥികൾക്ക് നേരെയും അധ്യാപകർക്ക് നേരെയും അക്രമികൾ തുടർച്ചയായി വെടി വയ്ക്കുകയായിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.



