12 June, 2026 09:27:39 AM


കൊല്ലത്ത് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് നഴ്സിംഗ് വിദ്യാർത്ഥി മരിച്ചു



കൊല്ലം: കൊല്ലത്ത് റീൽസ് ചിത്രീകരണത്തിനിടെയുണ്ടായ ബൈക്കപകടത്തിൽ നഴ്സിങ് വിദ്യാർത്ഥി മരിച്ചു. അപകടത്തിൽ മൂന്ന് സുഹൃത്തുക്കൾക്ക് പരിക്കേറ്റു. കരുനാഗപ്പള്ളി കാട്ടിൽക്കടവ് മരുതൂർക്കുളങ്ങര തിരുവാതിരയിൽ രാജുവിന്റെയും രാജിയുടെയും മകൻ അരവിന്ദ് (19) ആണ് മരിച്ചത്.

ചക്കുവള്ളി - പുതിയകാവ് പ്രധാന പാതയിൽ തൊടിയൂർ പാലത്തിന് സമീപം വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. മൂന്ന് ബൈക്കുകളിലായി എത്തിയ അരവിന്ദും സുഹൃത്തുക്കളും റോഡിൽ റീൽസ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ബൈക്കുകളുടെ ഹാൻഡിലുകൾ തമ്മിൽ കുരുങ്ങി നിയന്ത്രണം വിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഒരു ബൈക്ക് മുന്നിലും മറ്റ് രണ്ട് ബൈക്കുകൾ തൊട്ടുപിന്നിൽ സമാന്തരമായും വരുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിരുന്നത്. ഇതിനിടെ പിന്നാലെ വന്ന ബൈക്കുകളുടെ ഹാൻഡിലുകൾ തമ്മിൽ തട്ടുകയും നിയന്ത്രണം നഷ്ടമാവുകയുമായിരുന്നു. നിയന്ത്രണം വിട്ട ഒരു ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിലും, രണ്ടാമത്തെ ബൈക്ക് സമീപത്തെ ടൈൽ കടയുടെ ഗോഡൗണിലേക്കും ഇടിച്ചു കയറി.

അപകടത്തിൽ നാല് പേർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കാട്ടിൽക്കടവ് സ്വദേശി കാർത്തിക് (20) കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും, കാലിന് പരുക്കേറ്റ പോരുവഴി മലനട സ്വദേശി ആദർശ് (21) ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും നിലവിൽ ചികിത്സയിലാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938