11 June, 2026 12:45:24 PM


മു​ൻ​ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗൺമാൻ ഉൾപ്പെടെ 5 സുരക്ഷാ ഉദ്യോഗസ്ഥരും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി



ആലപ്പുഴ: ആലപ്പുഴയില്‍ നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാജി മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടക്കം സുരക്ഷാ ജീവനക്കാര്‍. ഗണ്‍മാന്‍ അനില്‍ കല്ലിയൂര്‍, സുരക്ഷാ ജീവനക്കാരായ എസ് സന്ദീപ്, ആര്‍ അരുണ്‍, വി വി വിപിന്‍, വി കെ ഷൈജു എന്നിവരാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ഇവരുടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഓരോരുത്തരെയും ഒറ്റയ്ക്കിരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ഇതിനായി എസ്‌ഐടി പ്രത്യേക ചോദ്യാവലി തയ്യാറാക്കിയിരുന്നു.

ഇന്ന് രാവിലെയോടെയാണ് അനില്‍ കല്ലിയൂര്‍ അടക്കമുള്ള പ്രതികള്‍ ചോദ്യം ചെയ്യലിനായി ഹാജരാജയത്. വേട്ടയാടപ്പെട്ടുവെന്നായിരുന്നു അനില്‍ കല്ലിയൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സുരക്ഷാ പ്രശ്‌നങ്ങളുള്ളത് കൊണ്ടാണ് ഇടപെട്ടതെന്നും അനില്‍ കല്ലിലൂര്‍ പറഞ്ഞിരുന്നു. അതിനിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ക്രൈം ബ്രാഞ്ച് ഓഫീസിന് മുന്നില്‍ കൂടുതല്‍ പൊലീസ് സംഘം എത്തിയിട്ടുണ്ട്. ഇതിന് പുറമേ സായുധ സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്.

ജൂണ്‍ ഒന്‍പതിന് അഞ്ച് പ്രതികള്‍ക്കും ആലപ്പുഴ ജില്ല സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വേണ്ടത് തെളിവ് കണ്ടെത്താന്‍ ആണെന്ന പ്രോസിക്യൂഷന്‍ വാദവും സാക്ഷികളെ സ്വാധീനിക്കുമെന്നുള്ള വാദങ്ങള്‍ തള്ളിയായിരുന്നു കോടതിയുടെ നടപടി. സര്‍ക്കാര്‍ സ്വാധീനത്തോടെ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം ശരിയല്ലെന്നും മുന്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു അതിനുള്ള സാധ്യതയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് കരിങ്കൊടി കാണിച്ച കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍ അനില്‍ കല്ലിയൂരും സുരക്ഷാ ജീവനക്കാരും മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമായിരുന്നു സംഭവത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926