06 July, 2026 12:01:27 PM
13കാരിയുടെ വ്യാജ പരാതി; ബൈപാസ് സർജറി കഴിഞ്ഞ യുവാവിന് പോലീസിന്റെ ക്രൂരമർദനമെന്ന് പരാതി

പത്തനംതിട്ട: കൂടലില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ വ്യാജ പരാതിയെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച യുവാവ് നിയമനടപടിക്ക്. കൂടല്‍ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്ന് പറഞ്ഞു. കുറ്റം സമ്മതിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മര്‍ദിച്ചതെന്ന് യുവാവ് പറഞ്ഞു.
പെണ്‍കുട്ടിയുടെ കാര്യം പറഞ്ഞാണ് മര്‍ദിച്ചത്. പെണ്‍കുട്ടിയെ അറിയാമോയെന്നും എവിടെ കൊണ്ടുപോയി എന്നും ചോദിച്ചു. പെണ്‍കുട്ടിയെ അറിയില്ലെന്ന് പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നതായും യുവാവ് പറഞ്ഞു. ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും ചൂരല്‍ ഉപയോഗിച്ച് കാല്‍പാദത്തില്‍ അടിച്ചെന്ന് യുവാവ് പറഞ്ഞു.
കാല്‍വെള്ളയില്‍ ലാത്തി കൊണ്ട് അടിച്ചു. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ തന്നെ ബൈപാസ് സർജറിക്ക് വിധേയമായിട്ടുണ്ടെന്ന കാര്യം പറഞ്ഞിരുന്നു. അതറിഞ്ഞിട്ടും പൊലീസ് മര്‍ദിച്ചു. ആദ്യം രണ്ട് പൊലീസുകാരാണ് മര്‍ദിച്ചത്. പിന്നാലെ മൂന്ന് പേര്‍ കൂടി വന്നു. വ്യാജപരാതിയാണെന്ന് മനസിലായതോടെയാണ് വിട്ടയച്ചത്.
വീണ്ടും പൊലീസ് മര്‍ദിക്കുമോ എന്ന ഭയമുണ്ട്. കസ്റ്റഡിയില്‍ എടുത്തതിനാല്‍ നിലവിലെ ജോലിയെ ബാധിക്കുമോ എന്ന ആശങ്ക ഉണ്ട്. നിലവില്‍ ജോലിക്ക് പോകുന്നില്ല. തനിക്ക് നീതി ലഭിക്കണം. ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും യുവാവ് പറഞ്ഞു. ഓര്‍ത്തോ വിഭാഗത്തെ കാണിക്കണം എന്ന് ഡോക്ടര്‍ അറിയിച്ചിട്ടുണ്ട്. ചെവിയുടെ ഭാഗത്ത് നല്ല വേദനയുണ്ടെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠികള്‍ പീഡിപ്പിച്ചതായി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇതിന് പിന്നാലെ പൊലീസ് പെണ്‍കുട്ടികളുടെ നാല് സഹപാഠികളെയും രണ്ട് മുതിര്‍ന്നവരെയും വിളിച്ചുവരുത്തി മൊഴിയെടുക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി. ഈ സമയം ഡോക്ടര്‍മാരോടാണ് താന്‍ പീഡനത്തിന് ഇരയായിട്ടില്ലെന്ന് പെണ്‍കുട്ടി ആദ്യം വെളിപ്പെടുത്തുന്നത്.
സഹപാഠിയോട് തോന്നിയ പ്രണയത്തിന്റെ കാര്യവും പെണ്‍കുട്ടി തുറന്നുപറഞ്ഞു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായില്ലെന്ന് വ്യക്തമായി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടില്ലെന്നും കണ്ടെത്തി. പിന്നാലെ പെണ്‍കുട്ടിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഡോക്ടര്‍മാരോട് പറഞ്ഞകാര്യം പെണ്‍കുട്ടി മജിസ്ട്രേറ്റിനോടും ആവര്‍ത്തിച്ചു. സഹപാഠി പ്രണയം നിരസിച്ചപ്പോള്‍ സഹപാഠികള്‍ക്കെതിരെ പീഡന പരാതി നല്‍കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ റഫര്‍ റിപ്പോര്‍ട്ട് നല്‍കും.




