08 July, 2026 09:11:14 AM
ഡ്യൂട്ടിക്കിടെ വനിതാ പോലീസിനെ മർദ്ദിച്ചു; പന്തളത്ത് യുവതി അറസ്റ്റിൽ

പന്തളം: ഡ്യൂട്ടിക്കിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസില് ചേരിക്കല് സ്വദേശിനിയായ യുവതിയെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം ചേരിക്കല് കളരിക്കല് തുണ്ടില് വീട്ടില് ചിത്ര കെ പി (38)യെ ആണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് പന്തളം ചേരിക്കല് ഭാഗത്ത് ചിത്രയുടെ കുടുംബവും അയല്വാസിയും തമ്മിലുള്ള വസ്തു സംബന്ധമായ തര്ക്കം പരിഹരിക്കുന്നതിനായി താലൂക്ക് സര്വേയര് വസ്തു അളക്കുന്നതിനായി എത്തിയിരുന്നു. അയല്വാസിയുടെ വസ്തു അളന്ന് തിരിച്ച് സ്ഥാപിച്ച കല്ലുകള് യുവതി പിഴുത് എറിഞ്ഞു. താലൂക്ക് സര്വേയറോടൊപ്പം ഡ്യൂട്ടിയില് ഉണ്ടായിരുന്ന പന്തളം പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ സുനിയെ യുവതി ആക്രമിക്കുകയായിരുന്നു. തുടര്ന്ന് പന്തളം പോലീസ് സ്റ്റേഷനില് നിന്ന് സീനിയര് സിവില് പോലീസ് ഓഫീസര് ജലജയുടെ നേതൃത്വത്തില് കൂടുതല് വനിതാ പോലീസ് ഉദ്യോഗസ്ഥര് എത്തിയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും യുവതിക്കെതിരെ കേസ് രജിസ്റ്റര് ചെയ്തു. ഇവരെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.




