15 July, 2026 11:35:45 AM
ഷെഹനയുടേത് തൂങ്ങിമരണം: പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്

അടൂര്‍ അടൂര്‍ കോട്ടുമുകള്‍ ഷിനാസ് മന്‍സിലില്‍ ഷെഹന (31) യുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോലീസ് സര്‍ജന്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആണ്‍സുഹൃത്ത് ഷെഹനയെ കൊലപ്പെടുത്തിയതാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴോടെയാണ് ഭര്‍ത്താവുമായി അകന്നു കഴിയുന്ന ഷെഹനയുടെ മൃതദേഹം വീടിനുള്ളിലെ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. സ്റ്റെയര്‍ കെയ്‌സിന്റെ പിടിയില്‍ ഷാളില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ് ഷെഹന. സംഭവത്തില്‍, യുവതിയുടെ സുഹൃത്തും ഏഴംകുളം സ്വദേശിയുമായ യുവാവ് നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.
ഷെഹനയുടെ വീട്ടില്‍ നിന്നും ബഹളം കേട്ട് അയല്‍വാസികള്‍ അടൂര്‍ നഗരസഭാ കൗണ്‍സിലര്‍ നശ്മല്‍ കാവിളയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നശ്മല്‍ എത്തി വീടിനകത്തുണ്ടായിരുന്ന യുവാവിനോട് കതക് തുറക്കാന്‍ ആവശ്യപ്പെട്ടു. കതക് തുറന്നപ്പോള്‍ സ്റ്റെയര്‍ കെയ്‌സിന്റെ പിടിയില്‍ ഷാളില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ ഷെഹനെ കാണുകയായിരുന്നു.
സുഹൃത്തുക്കളുമൊത്ത് മൊബൈല്‍ ഫോണിലെടുത്ത ഫോട്ടോയെ ചൊല്ലി താനും ഷെഹനയുമായി തര്‍ക്കമുണ്ടായെന്നും ഇതിനിടെ ഷെഹന മുറിക്ക് പുറത്തേക്കുപോയെന്നും പിന്നീട് ശബ്ദം കേട്ട് ചെന്നുനോക്കുമ്പോള്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടതെന്നുമാണ് യുവാവ് പോലീസിന് നല്‍കിയ മൊഴി.




