04 June, 2026 01:07:07 PM
ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂർ: ചെങ്ങന്നൂർ കോടതിയിൽ മുൻസിഫ് മജിസ്‌ട്രേറ്റിനെ ചേംബറിൽ കയറി ആക്രമിക്കാൻ ശ്രമം. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം അരങ്ങേറിയത്. ആക്രമണശ്രമം നടത്തിയ ചെങ്ങന്നൂർ പെരിങ്ങാല മോഹിനി സദനത്തിൽ അരുൺ മോഹനെ കോടതി ജീവനക്കാരും ഓട്ടോത്തൊഴിലാളികളും ചേർന്ന് മൽപിടിത്തത്തിലൂടെ കീഴടക്കി പോലീസിലേൽപ്പിച്ചു.
ചെങ്ങന്നൂർ മുൻസിഫ് അമല ലോറൻസിന്റെ ചേംബറിലേക്കാണ് അരുൺ മോഹൻ അതിക്രമിച്ച് കയറിയത്. സംഭവസമയത്ത് ഹെൽമെറ്റും റെയിൻ കോട്ടും ധരിച്ചാണ് ഇയാൾ എത്തിയത്. അപ്രതീക്ഷിതമായി ചേംബറിലേക്ക് അക്രമി ഇരച്ചുകയറിയതോടെ പരിഭ്രമിച്ച മുൻസിഫ് കോടതിക്കുള്ളിലൂടെ തൊട്ടടുത്തുള്ള ജീവനക്കാരുടെ ഓഫീസിലേക്ക് ഓടിക്കയറുകയായിരുന്നു. ഈ സമയം ഓടിയെത്തിയ രണ്ട് കോടതി ജീവനക്കാർ ചേർന്ന് പ്രതിയെ തടഞ്ഞു.
ജീവനക്കാർ തടയുന്നതിനിടെ പ്രതി ധരിച്ചിരുന്ന റെയിൻ കോട്ടിനുള്ളിൽ ഒളിപ്പിച്ചിരുന്ന ഒരു ചില്ലുകുപ്പി നിലത്തുവീണ് പൊട്ടി. തുടർന്ന് കോടതിയുടെ കിഴക്കേ ഗേറ്റ് വഴി പുറത്തേക്ക് ഓടിയ പ്രതിയെ ജീവനക്കാരും ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്ന് പിന്തുടർന്നു. സിവിൽ സ്റ്റേഷന് മുന്നിലിട്ടാണ് ഇയാളെ മൽപിടിത്തത്തിലൂടെ കീഴടക്കിയത്.
പ്രതിയെ തടയാനും കീഴടക്കാനുമുള്ള ശ്രമത്തിനിടെ രണ്ട് കോടതി ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിയായ അരുൺ മോഹൻ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോടതി പരിസരത്ത് കറങ്ങിനടന്നിരുന്നതായി ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചെങ്ങന്നൂർ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.




