03 June, 2026 11:54:59 AM
കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; ഭര്‍ത്താവിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: കുംഭമേള വൈറല്‍ താരത്തെ വിവാഹം കഴിച്ച യുവാവിന്റെ അറസ്റ്റ് ഒരുമാസത്തേക്ക് തടഞ്ഞു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് വിധി പറഞ്ഞത്. ഇരുവരുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി. കേസില്‍ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാനും ഹൈക്കോടതി ഇരുവരോടും നിര്‍ദേശിച്ചു.
പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവ് പോക്സോ, പട്ടികജാതി പീഡന നിയമങ്ങളിലെ വകുപ്പുകള്‍ പ്രകാരം കുറ്റം ചെയ്തിട്ടുണ്ട് എന്നാണ് മധ്യപ്രദേശ് പൊലീസിന്റെ വാദം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സംരക്ഷണയിലേക്ക് മാറ്റുന്ന കാര്യമാണ് ആലോചിക്കുന്നത് എന്നും മധ്യപ്രദേശ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ തനിക്ക് പ്രായപൂര്‍ത്തിയായി എന്നും ശരിയായ രേഖകള്‍ തന്റെ ഭാഗം കേള്‍ക്കാതെ ദേശീയ എസ് സി കമ്മിഷന്‍ റദ്ദാക്കി എന്നുമാണ് പെണ്‍കുട്ടിയുടെ വാദം.
കുംഭമേളയ്ക്കിടെ വൈറലായ പെണ്‍കുട്ടിയും മുഹമ്മദ് ഫര്‍മാന്‍ ഖാനും മാര്‍ച്ച് പതിനൊന്നിനാണ് വിവാഹിതരായത്. കേരളത്തിലെത്തിയ ഇരുവരും പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. പിന്നീട് ഫര്‍മാനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുക്കുകയായിരുന്നു. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്.




