18 May, 2026 12:52:06 PM


ബിഹാറില്‍ നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ ട്രെയിനിന് തീപിടിച്ചു



പട്ന: ബിഹാറിലെ സസാറാം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിന് തീപിടിച്ചു. സസാറാമിൽ നിന്ന് പട്നയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ട്രെയിനിന്റെ ഒരു കോച്ചിലാണ് തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ തീപിടുത്തമുണ്ടായത്. സ്റ്റേഷനിലെ ആറാം നമ്പർ പ്ലാറ്റ്‌ഫോമിൽ വാഹനം കിടക്കുമ്പോഴായിരുന്നു സംഭവം. തീപിടുത്തത്തെ തുടർന്ന് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തരായി ഓടിയെങ്കിലും അപകടത്തിൽ ആർക്കും പരിക്കുകളോ ജീവഹാനിയോ സംഭവിച്ചിട്ടില്ല.

റെയിൽവേ പോലീസും ഫയർഫോഴ്‌സും സംയുക്തമായി നടത്തിയ ശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ട്രെയിനിന്റെ ഒരു കോച്ച് പൂർണ്ണമായും കത്തിയമർന്നു. പ്രാഥമിക അന്വേഷണത്തിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് സൂചന. കേടുപാടുകൾ സംഭവിച്ച കോച്ച് ട്രെയിനിൽ നിന്ന് വേർപെടുത്തിയ ശേഷം വിശദമായ പരിശോധനകൾ നടത്തി സർവീസ് പുനരാരംഭിക്കാനുള്ള നടപടികൾ റെയിൽവേ അധികൃതർ സ്വീകരിച്ചു വരികയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303