17 May, 2026 06:53:42 PM


മന്ത്രിമാരെ പ്രഖ്യാപിച്ച് വി.ഡി. സതീശൻ; സത്യപ്രതിജ്ഞ നാളെ



തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ ലിസ്റ്റ് പുറത്ത്. ലോക്‌ഭവനിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് മന്ത്രിമാരുടെ പേരടങ്ങിയ ലിസ്റ്റ് കൈമാറി. നാളെ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

കോൺഗ്രസിൽ നിന്ന് പത്ത് മന്ത്രിമാരും ഘടകകക്ഷികളിൽ നിന്നുള്ള നാല് മന്ത്രിമാരും അടങ്ങുന്നതാണ് പുതിയ നിര. ഏറെ നാളുകൾക്ക് ശേഷമാണ് കോൺഗ്രസ് മന്ത്രിസഭയിൽ രണ്ട് വനിതാ മന്ത്രിമാർ ഒരുമിച്ച് വരുന്നത് എന്ന സവിശേഷതയും ഈ പട്ടികയ്ക്കുണ്ട്. മുതിർന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ സ്പീക്കറാകും. ഷാനിമോൾ ഉസ്മാനാണ് പുതിയ ഡെപ്യൂട്ടി സ്പീക്കർ. നഫീസത്ത് ബീവിക്ക് ശേഷം കാലങ്ങൾക്ക് ശേഷമാണ് ഒരു വനിത നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് എത്തുന്നതെന്ന ചരിത്രപരമായ നേട്ടവും ഇതോടെ യാഥാർത്ഥ്യമാകുമെന്ന് നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.

വി ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, ഐ സി ബാലകൃഷ്ണന്‍, കെ എ തുളസി, പി കെ കുഞ്ഞാലിക്കുട്ടി, എന്‍ ഷംസുദ്ദീന്‍, പി കെ ബഷീര്‍, കെ എം ഷാജി, അബ്ദുള്‍ ഗഫൂര്‍, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ് എന്നിവരാണ് മന്ത്രിമാര്‍. അനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകും. ആദ്യം അനൂപും പിന്നീടുള്ള രണ്ടര വര്‍ഷം മാണി സി കാപ്പനും മന്ത്രിമാരാകും.

മുമ്പ് മന്ത്രിസഭയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സജീവമായി ഉയര്‍ന്നുകേട്ട പേരുകളിലൊന്ന് ചാണ്ടി ഉമ്മന്റേതാണ്. എന്നാല്‍ ചാണ്ടി ഉമ്മന്‍ അവസാന നിമിഷം തഴപ്പെട്ടതായാണ് വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K