29 April, 2026 11:27:15 AM


ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി



കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസിൽ അന്വേഷണം പൂർത്തിയായെന്ന് എസ്ഐടി. കേസിൽ രഞ്ജിത്തിനെതിരെ തെളിവുകൾ ലഭിച്ചു. എന്നാൽ കൂടുതൽ വകുപ്പുകൾ ഉൾപെടുത്തില്ലെന്നും എസ്ഐടി അറിയിച്ചു. രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചു എന്നതിന് തെളിവില്ല. നടൻ ബോബി കുര്യനെയും, സഹ സംവിധായക ശാലിനിയെയും ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി വിവരമില്ല. എന്നാൽ കേസിന് മുൻപ് ചില ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നതായി വിവരമുണ്ടെന്നും എസ്ഐടി അന്വേഷണത്തിൽ കണ്ടെത്തി.

കേസിൽ കുറ്റപത്രം തയ്യാറാക്കി വരികയാണ്. അതേസമയം ജാമ്യവ്യവസ്ഥയിൽ ഇളവ് വേണം എന്നാണ് രഞ്ജിത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് രഞ്ജിത്ത് കോടതിയെ സമീപിക്കും. ജില്ല വിട്ട് പുറത്ത് പോകണമെന്ന ആവശ്യമടക്കം കോടതിയിൽ ഉന്നയിക്കും എന്നാണ് സൂചന. കാരവാനിൽ വെച്ച് മോശമായി പെരുമാറിയെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കർശന ഉപാധികളോടെയാണ് രഞ്ജിത്തിന് ജാമ്യം നൽകിയത്. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ആരോപണം നിഷേധിക്കുന്നുവെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു. ജനുവരി 30നാണ് നടിക്കെതിരെ ലൈംഗികാതിക്രമം നടന്നതെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടിൽ രഞ്ജിത്തിനെതിരെ മുമ്പുണ്ടായിരുന്ന കേസുകളും പരാമർശിക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302