21 April, 2026 06:25:13 PM


തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; 8 മരണം, നിരവധി പേർക്ക് പരിക്ക്



തൃശൂർ: മുണ്ടത്തിക്കോട് അഞ്ചോളം വെടിക്കെട്ട് പുരകളിൽ ഉണ്ടായ സ്ഫോടനത്തിൽ എട്ട് പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. 5 മൃതദേഹങ്ങളും മൂന്നുപേരുടെ ശരീര ഭാഗങ്ങളും ലഭിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ ചിലരുടെ ആരോഗ്യനില ഗുരുതരമാണ്. അതേസമയം, 17 പേർക്ക് ചെറിയ തോതിൽ പൊള്ളലേറ്റുള്ള പരിക്കുകളാണ്.

തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. പ്രദേശത്ത് തുടർച്ചയായി സ്ഫോടനം ശബ്ദം കേൾക്കുകയും പുക ഉയരുന്നത് കാണുകയും ചെയ്തതോടെയാണ് നാട്ടുകാർ അപകടം മനസിലാക്കി ഓടിയെത്തിയത്.

സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാന്‍ നിര്‍ദേശം നല്‍കി. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്താനും നിര്‍ദേശം നല്‍കി.13 പേരെ ഇതുവരെ 108 ആംബുലൻസ് ആശുപത്രിയിലേക്ക് മാറ്റി. ഈ അപകടം ഉണ്ടാകുന്നതിന് തൊട്ടു മുൻപായാണ് ന്യൂസ് മലയാളം റിപ്പോട്ടർ ഈ പ്രദേശത്ത് റിപ്പോർട്ട് ചെയ്ത് മടങ്ങിയത്.

നാൽപ്പതോളം പേരാണ് വെടിക്കെട്ട് പുരയിൽ ജോലി ചെയ്തിരുന്നത് എന്നാണ് വിവരം. സംഭവസ്ഥലത്ത് തുടർസ്ഫോടനങ്ങൾ ഉണ്ടാകുന്നത് രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് ആളൊഴിഞ്ഞ പ്രദേശത്താണ് താൽക്കാലികമായ വെടിക്കെട്ടു പുര തയ്യാറാക്കിയിരുന്നത്. വലിയ അമിട്ടുകൾ ഉൾപ്പെടെ തൃശൂർ പൂരത്തിനായുള്ള വെടിക്കോപ്പുകൾ തയ്യാറാക്കി സൂക്ഷിച്ചിരുന്നത് ഇവിടെയാണ്. അതുകൊണ്ടു തന്നെ അപകടത്തിൻ്റെ വ്യാപ്തിയും വളരെ കൂടുതലാകാനാണ് സാധ്യത.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929