18 April, 2026 04:34:53 PM
'യുഎസ് നാവിക ഉപരോധം തുടരുന്നു'; ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ

തെഹ്‌റാന്‍: നാവിക ഉപരോധം തുടരുന്നമെന്ന് യുഎസ് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍. ഇക്കാര്യം ഇറാന്‍ സേന സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് കടലിടുക്ക് പൂര്‍ണമായും തുറന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഹോര്‍മൂസ് കടലിടുക്ക് പത്തുദിവസത്തേക്ക് തുറക്കുകയാണെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും അറിയിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ നിലപാടാണ് കാര്യങ്ങള്‍ മാറിമറിയാന്‍ കാരണം.
യുഎസ് നാവിക ഉപരോധം ഇറാന്റെ തുറമുഖങ്ങള്‍ക്ക് മേല്‍ തുടരുകയാണെങ്കില്‍ ഹോര്‍മുസ് അടയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് മുമ്പ് പറഞ്ഞിരുന്നു. ഹോര്‍മുസ് അടയ്ക്കുമെന്ന് ഇപ്പോൾ പ്രഖ്യാപിച്ചതും ഖാലിബാഫാണ്. കടലിടുക്ക് തുറന്ന് പന്ത്രണ്ട് മണിക്കൂറിനുള്ളിലാണ് അടയ്ക്കാനുള്ള തീരുമാനം. എണ്ണവില വളരെ താഴ്ന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ആഗോള തലത്തില്‍ ആശങ്ക ഉയര്‍ത്തി ഇറാന്റെ തീരുമാനം. സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡിന്റ ഉദ്ധരിച്ച് ഇറാനിയന്‍ സ്റ്റേറ്റ് ടിവിയും ഹോര്‍മൂസിന്റെ നിയന്ത്രണം പഴയപടിയായി എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സേനയുടെ ശക്തമായ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമാകും ഹോര്‍മുസ് എന്നും സ്‌റ്റേറ്റ് ടിവി അറിയിച്ചിട്ടുണ്ട്.



