16 April, 2026 04:16:39 PM


കൊല്ലത്ത് ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവം; പൊലീസ് കേസെടുത്തു



കൊല്ലം : കൊല്ലത്ത് ഗാനമേളയ്ക്കിടെ മദ്യപിച്ച് നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിയായ അമ്പത്തിയേഴുകാരന്‍ ബാലചന്ദ്രനെയാണ് പ്ലാസ്റ്റിക് കസേര കൊണ്ട് ഒരാള്‍ ആക്രമിച്ചത്. പ്രതിയെക്കുറിച്ചുളള വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

കൊല്ലം ആശ്രാമത്ത് ക്ഷേത്രോത്സവത്തിനിടെ ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. കാണികള്‍ക്ക് ഇടയിലൂടെ ഗാനമേളയിലെ പാട്ടിന് നൃത്തം ചെയ്ത് ബാലചന്ദ്രന്‍ മുന്നിലേക്കു കയറി. ബാലചന്ദ്രന്‍ മദ്യലഹരിയിലായിരുന്നു. അതിനിടെ സ്‌റ്റേജിന് മുന്നിലേക്ക് എത്തിയ വ്യക്തി കസേര കൊണ്ട് ബാലചന്ദ്രനെ അടിച്ചിടുകയായിരുന്നു. ദൃശ്യങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നെങ്കിലും പരാതി ലഭിക്കാത്തതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. തുടര്‍ന്ന് ബാലചന്ദ്രന്‍ തന്നെ പരാതി നല്‍കിയതോടെയാണ് പൊലീസ് കേസെടുത്തത്.

കൊല്ലം നഗരത്തില്‍ ആക്രി വിറ്റ് ജീവിതോപാധി കണ്ടെത്തുന്ന ബാലചന്ദ്രന്‍ റോഡരികിലാണ് കിടക്കുന്നത്. മര്‍ദ്ദന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത് മദ്യപിച്ച് നൃത്തം ചെയ്തയാളെ പിടിച്ചുമാറ്റുതിന് പകരം കസേര കൊണ്ട് അടിച്ചത് ക്രൂരതയാണ് എന്നും മര്‍ദ്ദിച്ചയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ആവശ്യം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918