12 April, 2026 02:18:51 PM
നിതിൻ രാജിൻ്റെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കുടുംബം ഉയര്‍ത്തുന്ന ഗുരുതര ആരോപണങ്ങളില്‍ ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് കണ്ണൂര്‍ സിറ്റി പൊലീസ് മേധാവിക്കാണ് നിര്‍ദ്ദേശം നല്‍കിയത്.
തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആര്‍.എല്‍. നിതിന്‍ രാജിന്റെ മരണത്തില്‍ കോളേജിലെ അധ്യാപകന്‍ ജാതി പറഞ്ഞും മറ്റും അപമാനിച്ചതായി പിതാവ് ആരോപണം ഉന്നയിച്ചിരുന്നു. ഇതുള്‍പ്പെടെയുള്ള മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിതിനെ കോളേജ് കെട്ടിടത്തിന് താഴെ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നിതിന്‍ ആത്മഹത്യ ചെയ്യില്ലെന്നും അധ്യാപകരുടെ നിരന്തരമായ മാനസിക പീഡനമാണ് മരണത്തിന് പിന്നിലെന്നുമാണ് ബന്ധുക്കളുടെ ആരോപണം. നിതിന്റെ ജാതിയെയും നിറത്തെയും സാമ്പത്തിക സ്ഥിതിയെയും പരിഹസിച്ച് അധ്യാപകര്‍ പരസ്യമായി അധിക്ഷേപിച്ചിരുന്നതായി പിതാവ് രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിതിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉഴുമലയ്ക്കലെ വീട്ടിലെത്തിക്കും. തുടര്‍ന്നായിരിക്കും സംസ്‌കാര ചടങ്ങുകള്‍.




