08 April, 2026 12:20:15 PM
'വെടിനിർത്തൽ ലബനനിൽ ബാധകമല്ല, ആക്രമണം തുടരും'- ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ലബനനെതിരായ ആക്രമണം തുടരുമെന്ന് അറിയിച്ച് ഇസ്രയേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനും അമേരിക്കയും തമ്മിൽ ധാരണയിലെത്തിയ രണ്ടാഴ്ച്ചത്തെ വെടിനിർത്തൽ അംഗീകരിക്കുന്നുവെന്നും എന്നാൽ ലബനനിൽ ഇനിയും ആക്രമണം നടത്തുമെന്നും നെതന്യാഹു അറിയിച്ചു. ഇറാൻ ഇനിയൊരിക്കലും ഭീഷണിയല്ലെന്നാണ് നെതന്യാഹുവിൻ്റെ എക്സ് പോസ്റ്റ്. ഇറാനൊരിക്കലും അമേരിക്കയ്ക്കോ ഇസ്രയേലിനോ അറബ് രാജ്യങ്ങൾക്കോ ഭീഷണിയാവില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഇറാൻ ഇനി ആണവ, മിസൈൽ, ഭീകരവാദ ഭീഷണി ഉയർത്തി മുന്നോട്ട് വരില്ലെന്നാണ് നെതന്യാഹുവിൻ്റെ പ്രസ്താവന. ഇക്കാര്യങ്ങൾ വരാനിക്കുന്ന ചർച്ചകളിൽ ഉറപ്പാക്കുമെന്ന് അമേരിക്ക പറഞ്ഞതായി നെതന്യാഹു പറഞ്ഞു.
അതേസമയം, ലബ്‌നാന്‍ ഉള്‍പ്പെടെ പശ്ചിമേഷ്യന്‍ മേഖലയില്‍ എല്ലായിടത്തും വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായാണ് ഇറാനും യുഎസിനുമിടയില്‍ മധ്യസ്ഥത വഹിച്ച പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചിരുന്നത്. ഇതിന് വിരുദ്ധമാണ് ഇപ്പോള്‍ നെതന്യാഹുവിന്റെ നിലപാട്. മേഖലയിലെ എല്ലാ സഖ്യകക്ഷികള്‍ക്കുമെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന ആവശ്യം തങ്ങളുടെ 10 ഇന വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങളില്‍ ഇറാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.



