28 March, 2026 12:51:51 PM


പാതിവില തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു; അനന്തു കൃഷ്ണനും കെ എൻ ആനന്ദകുമാറും പ്രതികൾ



എറണാകുളം: പാതിവില തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇഡി. കേസിൽ അനന്തു കൃഷ്ണനും കെ.എൻ. ആനന്ദകുമാറും പ്രതികൾ. ഇരുവരും ഉടമകളായ കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്. അനന്തു കൃഷ്ണന്റെ 4.5 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. കലൂർ പിഎംഎൽഎ കോടതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അനന്തു കൃഷ്ണനെ ഇഡി ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു.

തട്ടിപ്പില്‍ ആയിരത്തിലധികം കേസുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിഎസ്ആർ ഫണ്ട് ലഭിക്കുമെന്ന വ്യാജവാഗ്ദാനം നൽകിയും ലാപ്ടോപ്പുകൾ, തയ്യൽ മെഷീനുകൾ, മറ്റ് കാർഷിക ഉപകരണങ്ങൾ തുടങ്ങിയവ പാതിവിലയ്‌ക്ക് നൽകാമെന്ന് വിശ്വസിപ്പിച്ചുമാണ് അനന്തു കൃഷ്ണൻ പലരിൽ നിന്നായി കോടികൾ തട്ടിയത്.  

എണ്ണായിരത്തോളം പേർ പരാതി നൽകിയ കേസിൽ ആയിരം കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നത്. പ്രാദേശികമായി ചില രാഷ്‌ട്രീയ നേതാക്കളെയും തട്ടിപ്പിന്റെ ഭാഗമായി ചില പരിപാടികളിൽ പങ്കെടുപ്പിച്ചിരുന്നു. ക്രൈംബ്രാഞ്ച് എഫ്ഐആറുകൾ അടിസ്ഥാനമാക്കിയായിരുന്നു ഇ ഡി അന്വേഷണം ഏറ്റെടുത്തത്. 

2024 ഫെബ്രുവരി 15നാണ് പാതിവില ഓഫര്‍ തട്ടിപ്പിനായി അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചത്. സായി ഗ്രാമം ട്രസ്റ്റ് ചെയര്‍മാനായ കെ.എന്‍. ആനന്ദകുമാര്‍ ആജീവനാന്ത ചെയര്‍മാനായ ട്രസ്റ്റില്‍ അഞ്ച് അംഗങ്ങള്‍ ആണുണ്ടായിരുന്നത്. പ്രതി അനന്തു കൃഷ്ണന്‍, ബീന സെബാസ്റ്റ്യന്‍, ഷീബ സുരേഷ്, ജയകുമാരന്‍ നായര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 294