26 March, 2026 10:38:22 AM


ഷൂട്ടിങ്ങിനിടെ രാം ചരണിന് പരിക്ക്; കണ്ണിന് മുകളിൽ നാല് തുന്നൽ



ഹൈദരാബാദ്: നടൻ റാം ചരണിന് ഷൂട്ടിങ്ങിനിടെ പരിക്ക്. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന സ്‌പോർട്‌സ്- ഡ്രാമ ചിത്രം 'പെഡ്ഡി'യുടെ ഷൂട്ടിങ്ങിനിടെയാണ് നടന് പരിക്കേറ്റത്. നടന്റെ കണ്ണിന് മുകളിൽ പരിക്കേറ്റതിനെ തുടർന്ന് തുന്നലുകളിട്ടു. പരിക്ക് സാരമുള്ളതല്ലെന്നും ഷൂട്ടിങ്ങിനായി ടീമിനൊപ്പം തിരിച്ചെത്തിയെന്നും നടനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

"ചൊവ്വാഴ്ചയാണ് സംഭവം. ആക്ഷൻ സീനിന്റെ ഷൂട്ടിങ്ങിനിടെയാണ് പരിക്കേറ്റത്. നാല് തുന്നലുകളുണ്ട്. കണ്ണിന് പരിക്കേറ്റുവെന്നാണ് പ്രചാരണം. അത് വാസ്തവമല്ല. കണ്ണിന് മുകളിലായാണ് പരിക്കേറ്റത്. കണ്ണിന് കുഴപ്പമൊന്നുമില്ല. പരിക്ക് ഗുരുതരമല്ലാത്തതിനെത്തുടർന്ന് അദ്ദേഹം സെറ്റിൽ തിരിച്ചെത്തി. വിഷമിക്കേണ്ട കാര്യങ്ങളൊന്നുമില്ല".- റാം ചരണിന്റെ ടീം അറിയിച്ചു.

വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിർമിക്കുന്നത്. മൈത്രി മൂവിമേക്കേഴ്‌സും സുകുമാർ റൈറ്റിങ്‌സും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ജാൻവി കപൂർ ആണ് പെഡ്ഡിയിലെ നായിക. ശിവരാജ്കുമാർ, ജഗപതി ബാബു എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. 2024 നവംബറിൽ ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ ടൈറ്റിൽ കഴിഞ്ഞവർഷം മാർച്ചിലാണ് പുറത്തുവിട്ടത്. എ ആർ റഹ്‌മാനാണ് സംഗീതം.


 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 911