06 March, 2026 02:15:02 PM
തൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിനെതിരെ ക്രിമിനൽ കുറ്റം കണ്ടെത്തുക പ്രയാസമെന്ന് ഹൈക്കോടതി

കൊച്ചി: തൊണ്ടിമുതൽ തിരിമറിക്കേസിലെ ശിക്ഷാ നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ആൻ്റണി രാജു നൽകിയ അപ്പീലിൽ ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ആന്റണി രാജുവിനെതിരെ ക്രിമിനല്‍ക്കുറ്റം കണ്ടെത്തുക പ്രയാസമാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. ജൂനിയര്‍ അഭിഭാഷകന്‍ പ്രതിക്ക് ഒരു സഹായം ചെയ്തു എന്നതുകൊണ്ട് മാത്രം കുറ്റക്കാരൻ ആണെന്ന് പറയാനാവില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജുവും പ്രതിയും തമ്മിലുള്ള ബന്ധം എന്താണ് എന്നതില്‍ വ്യക്തതയില്ലെന്നും കോടതി പറഞ്ഞു. കേസിൽ സീനിയര്‍ അഭിഭാഷകന്‍ അറിയാതെയാണോ ആന്‍ണി രാജു പ്രതിക്ക് സഹായം ചെയ്തതെന്നും ഹൈക്കോടതി ചോദിച്ചു.
തൊണ്ടിമുതൽ തിരിമറിക്കേസിലെ ശിക്ഷാ നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആൻ്റണി രാജു ഹൈക്കോടതിയിൽ അപ്പീലിലാണ് കോടതിയുടെ കണ്ടെത്തലുകൾ. കേസിൽ കുറ്റക്കാരാനാണെന്ന തീരുവനന്തപുരം സെഷന്‍സ് കോടതി വിധി മരവിപ്പിക്കനാണ് ആൻ്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്. കുറ്റക്കാരനെന്ന കോടതി വിധി മരവിപ്പിച്ചാൽ ആൻ്റണി രാജുവിൻ്റെ എംഎൽഎ സ്ഥാനം തിരിച്ചുകിട്ടുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത മാറികിട്ടുകയും ചെയ്യും. ഇത് ലക്ഷ്യംവെച്ചാണ് ആൻ്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിച്ചാൽ ആന്റണി രാജുവിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചിരിക്കുകയാണ് സിപിഐഎം. തിരുവനന്തപുരത്ത് ആന്റണി രാജുവിന് മാത്രമാണ് വിജയസാധ്യത എന്നത് പരിഗണിച്ചാണ് സിപിഐഎം തീരുമാനം. ആന്റണി രാജുവിനെതിരായ പ്രചാരണങ്ങളെ ഒറ്റക്കെട്ടായി നേരിടാനും മുന്നണി തീരുമാനിച്ചിട്ടുണ്ട്. വിധി അനുകൂലമാണെങ്കിൽ മത്സരിപ്പിക്കാമെന്ന് സിപിഐഎം ആന്റണി രാജുവിനെ അറിയിച്ചിട്ടുമുണ്ട്.
1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നതാണ് ആന്റണി രാജുവിന് എതിരായ കേസ്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി പിടിയിലായിരുന്നു. ഈ കേസില്‍ പ്രധാന തൊണ്ടിമുതലായിരുന്ന സര്‍വലിയുടെ അടിവസ്ത്രത്തിൽ അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതിയിലെ ക്ലർക്കായിരുന്ന കെ എസ് ജോസും ചേർന്ന് കൃത്രിമം കാണിച്ചെന്നതാണ് കുറ്റം.




