24 February, 2026 01:46:59 PM


സർക്കാരിന് ആശ്വാസം; നവകേരള സർവേ റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയില്‍ സ്റ്റേ



ന്യൂഡല്‍ഹി: നവകേരള സര്‍വേ സര്‍വേ റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി. നവകേരള സര്‍വേയില്‍ എന്താണ് തെറ്റെന്ന് സുപ്രീംകോടതി ചോദിച്ചു. ക്ഷേമപദ്ധതികള്‍ക്കായി നൂറുകണക്കിന് കോടി രൂപ ചെലവഴിക്കുന്നു. നയം രൂപീകരിക്കുന്നതിന് പഠനം നടത്തുന്നതില്‍ എന്താണ് തെറ്റെന്നും സുപ്രീംകോടതി ചോദിച്ചു.

സര്‍വേയ്ക്കായി പാര്‍ട്ടി അംഗങ്ങള്‍ തയ്യാറാകണമെന്ന് ഭരണകക്ഷി നിര്‍ദേശം നല്‍കിയതായി കെഎസ്‌യു നേതാക്കള്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രദേശികമായി പാര്‍ട്ടി നേതാക്കള്‍ അത്തരം പ്രസ്താവന നടത്താറുണ്ടെന്നാണ് സുപ്രീംകോടതി പറഞ്ഞത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

പൊതുജനങ്ങളില്‍ നിന്ന് പണം ചെലവഴിച്ച് സിപിഐഎം കാമ്പയിന്‍ നടത്തുവെന്ന് ആരോപിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ജനറല്‍ സെക്രട്ടറി മുബാസുമായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ചായിരുന്നു ഹൈക്കോടതി നവകേരള സര്‍വേ റദ്ദാക്കിയത്. രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വേ പാടില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമാണിതെന്നും കോടതി നീരീക്ഷിച്ചിരുന്നു.

സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള പദ്ധതി എന്ന നിലയ്ക്കായിരുന്നു നവകേരള സര്‍വേ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 29ലെ മന്ത്രിസഭാ യോഗമാണ് നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ സര്‍വേ നടത്താന്‍ തീരുമാനമെടുത്തത്. പരിശീലനം നേടിയ അയ്യായിരത്തോളം വൊളന്റിയര്‍മാരിലൂടെ ഗൃഹസന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിക്കുന്ന പദ്ധതിയാണ് സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേ. സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടിയുള്ള പദ്ധതി ആയാണ് സര്‍വേയെ സര്‍ക്കാര്‍ അവതരിപ്പിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913