23 February, 2026 08:58:47 AM


തിരുവനന്തപുരം ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളില്‍ തീപിടിത്തം; മൂന്ന് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു



തിരുവനന്തപുരം: തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളില്‍ വൻ തീപിടുത്തം. മൂന്നു സ്കൂൾ ബസ് പൂർണമായും കത്തി നശിച്ചു. ഒരു ബസ് ഭാഗികമായി കത്തിനശിച്ചു. സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസ്സുകളാണ് തീപിടുത്തത്തില്‍ പൂർണമായും നശിച്ചത്. ഇന്ന് പുലർച്ചെ 2. 45 ഓടുകൂടിയാണ് തീപിടുത്തമുണ്ടായത്. സ്കൂളിൽ ഒരു സെക്യൂരിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

തീ ആളിക്കത്തുന്നത് കണ്ട് തൊട്ടടുത്ത അയൽവാസികളാണ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്. കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. രണ്ട് വലിയ ബസുകളും ഒരു മിനി ബസും പൂർണമായും കത്തിനശിച്ചു. ഒരു വലിയ ബസ് ഭാഗികമായും കത്തി. സംഭവം നടക്കുമ്പോള്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമായിരുന്നു സ്‌കൂളില്‍ ഉണ്ടായിരുന്നത്.

സംഭവം കരുതിക്കൂട്ടി ചെയ്തതാണെന്നുള്ള സൂചനയുണ്ട്. സ്‌കൂള്‍ കോമ്പൗണ്ടില്‍ തന്നെയുണ്ടായിരുന്ന ഒരു ടെമ്പോ ട്രാവലര്‍ ബസില്‍ ഇടിച്ചുകയറ്റിയതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇതിന് ശേഷം തീയിട്ടതായാണ് പൊലീസ് കരുതുന്നത്. സംഭവത്തിന് പിന്നില്‍ ആരാണെന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915