22 February, 2026 10:45:24 AM
അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാക് വ്യോമാക്രമണം; 17 മരണം

ഇസ്ലാമാബാദ്: ഇന്ന് പുലർച്ചെ അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാകിസ്താൻ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനേഴു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാകിസ്താൻ ആക്രമണം നടത്തിയതായും തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും അറിയിച്ചിരുന്നു. നംഗർഹാർ, പക്തിക പ്രവിശ്യകളിലാണ് ആക്രമണമുണ്ടായത്. രാജ്യത്തിനുള്ളിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങൾക്ക് പിന്നാലെയാണ് പാകിസ്താൻ ആക്രമണം നടത്താനുള്ള നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.
തെഹ്രീക്-ഇ-താലിബാൻ പാകിസ്താൻ (ടിടിപി) എന്നറിയപ്പെടുന്ന പാകിസ്താൻ താലിബാന്റെയും അതിന്റെ അനുബന്ധ സംഘടനകളുടെയും ഏഴ് ക്യാമ്പുകൾക്കെതിരെ സൈന്യം ഓപ്പറേഷൻസ് നടത്തിയതായി പാക് ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ അറിയിച്ചു. അതിർത്തി മേഖലയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ അനുബന്ധ സംഘടനയെയും ലക്ഷ്യമിട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ എവിടെയാണ് ആക്രമിച്ചതെന്ന് പാകിസ്താൻ വ്യക്തമാക്കിയിട്ടില്ല.



