11 February, 2026 06:42:43 PM


വി ഡി സതീശന് മുൻപ് പ്രസംഗിക്കാന്‍ വിളിച്ചില്ല; നീരസം പ്രകടമാക്കി ഷാഫി



കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയില്‍ നേതാക്കള്‍ തമ്മില്‍ പിടിവലി. ജാഥാ ക്യാപ്റ്റനായ വി ഡി സതീശന് മുൻപ് ഷാഫി പറമ്പില്‍ എംപിയെ പ്രസംഗിക്കുന്നതിന് വിളിക്കാത്തതാണ് പ്രശ്‌നത്തിന് കാരണമായത്. കോഴിക്കോട് കുറ്റ്യാടിയിലായിരുന്നു സംഭവം. ജാഥാ ക്യാപ്റ്റന് മുന്‍പ് സംസാരിക്കേണ്ടിയിരുന്നത് ഷാഫി പറമ്പില്‍ ആയിരുന്നു. എന്നാല്‍ യോഗത്തിന് അധ്യക്ഷത വഹിച്ച ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍ ഷാഫിക്ക് മുന്‍പ് സതീശനെ ക്ഷണിച്ചു. ഇതിനിടെ വേദിയില്‍ നിന്ന് ഷാഫിയെ പ്രസംഗിക്കാന്‍ വിളിക്കണമെന്ന ആവശ്യം ഉയരുകയായിരുന്നു. ഇതിന് പിന്നാലെ ഷാഫി പറമ്പിലിനെ വിളിക്കാനായി പ്രമോദ് കക്കട്ടില്‍ മൈക്കിന് അടുത്തേയ്ക്ക് പോയി. ഇതിനിടെ 'വിളിച്ച് കഴിഞ്ഞിട്ടാണോ എന്നെ വിളിക്കുന്നത്' എന്ന് ഷാഫി ചോദിച്ചു. തുടര്‍ന്ന് വേദിയില്‍ പിടിവലിയുണ്ടായി. തൊട്ടുപിന്നാലെ സതീശന്‍ വേദിയില്‍ എത്തുകയും സംസാരിക്കുകയും ചെയ്തു. 

സതീശന്‍ സംസാരിച്ച ശേഷം പ്രമോദ് കക്കട്ടില്‍ വീണ്ടും ഷാഫിയെ ക്ഷണിക്കാനായി മൈക്കിനടുത്തേയ്ക്ക് വരാനുള്ള ശ്രമം നടത്തി. ഇതിനിടെ പ്രമോദ് കക്കട്ടിലിനെ ഷാഫി പറമ്പില്‍ തടഞ്ഞു. ഏറെ പരിശ്രമിച്ച് മൈക്കിന് അടുത്തേയ്ക്ക് വന്ന പ്രമോദ് കക്കട്ടില്‍ 'ഇനി പ്രിയപ്പെട്ട ഷാഫി പറമ്പില്‍ എംപി സംസാരിക്കും' എന്ന് പറഞ്ഞു. പിന്നാലെ സംസാരിക്കാനായി ഷാഫി പറമ്പില്‍ മൈക്കിന് അടുത്തേയ്ക്ക് വന്നു. പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ ഷാഫി, ഒറ്റ വാക്കില്‍ പറഞ്ഞ് അവസാനിപ്പിക്കാം എന്നും പറഞ്ഞു. 'പ്രതിപക്ഷ നേതാവിനോടാണ്, നൂറില്‍ കൂടുതല്‍ എണ്ണുമ്പോള്‍ കുറ്റ്യാടി കൂടി എണ്ണിക്കോളൂ' എന്ന് മാത്രമാണ് ഷാഫി പറമ്പില്‍ പറഞ്ഞത്. പിന്നാലെ അവിടെ നിന്ന് മാറുകയും ചെയ്തു. 

വേദിയില്‍ പിടിവലി നടക്കുമ്പോള്‍ ഇടപെടാതെ മാറിനില്‍ക്കുന്ന വി ഡി സതീശനെയും കാണാമായിരുന്നു. അതേസമയം സയമക്കുറവ് കാരണമാണ് മറ്റ് നേതാക്കള്‍ സംസാരിക്കുന്നത് ഒഴിവാക്കിയതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. വേദിയില്‍ പരക്കെ ആളുകള്‍ കയറിയത് സ്ഥിതി വഷളാക്കിയെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K