10 February, 2026 04:41:46 PM
മണിയൻപിള്ള രാജുവിന്‍റെ മകൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

നടൻ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിന് പിന്നാലെ മകൻ സഞ്ചരിച്ച കാറും അപകടത്തിൽപ്പെട്ടു. പുതിയ ചിത്രമായ 'മസ്തിഷ്കമരണം' എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്കായി പോകുമ്പോഴാണ് നിരഞ്ജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. കെഎസ്ആർടിസി ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. അഭിനേതാക്കൾക്ക് പരിക്കുകൾ ഇല്ലെങ്കിലും വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം മാധ്യമങ്ങളോട് നടൻ സംസാരിച്ചിരുന്നു.
'വരുമ്പോൾ വണ്ടി ഒന്ന് ആക്സിഡന്റ് ആയി. എനിക്ക് കുഴപ്പം ഒന്നും ഇല്ല, വണ്ടിക്ക് നന്നായിട്ട് പ്രശ്നമുണ്ട്. ഞങ്ങളുടെ വണ്ടിയിൽ കെ.എസ്.ആർ.ടി.സി ബസ് ആണ് ഇടിച്ചത്. വളവ് തിരിഞ്ഞപ്പോൾ ബസ് വന്നു ഇടിക്കുകയായിരുന്നു. കുഴപ്പം ഒന്നും ഇല്ല,' നിരഞ്ജ് മണിയൻപിള്ള രാജു പറഞ്ഞു.
അടുത്തിടെയാണ് തിരുവനന്തപുരത്ത് വെച്ച് മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽപ്പെട്ടത്. ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു അപകടം. നടൻ ഓടിച്ചിരുന്ന കാർ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ച യുവാക്കളെ തെറിപ്പിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയത് വലിയ വാർത്തയായിരുന്നു. ഭയം കാരണമാണ് വാഹനം നിർത്താതെ പോയതെന്ന് പിന്നീട് മണിയൻപിള്ള രാജു പറഞ്ഞു. ബൈക്ക് വളരെ വേഗത്തിൽ വന്ന് തന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്നും നടൻ പറഞ്ഞിരുന്നു.




