09 February, 2026 06:27:38 PM


കാൺപൂരിൽ വ്യവസായിയുടെ മകൻ ഓടിച്ച ലംബോർഗിനി ഇടിച്ച് 6 പേർക്ക് പരിക്ക്; കേസ്



ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പുകയില വ്യവസായിയുടെ മകന്‍ ഓടിച്ച ലംബോര്‍ഗിനി കാര്‍ ആളുകള്‍ക്കിടയിലേക്കു പാഞ്ഞു കയറി ആറുപേര്‍ക്ക് പരിക്കേറ്റു. ഇരുചക്ര വാഹനങ്ങളെയും ആളുകളെയും ചീറിപ്പാഞ്ഞ ആഢംബര കാര്‍ ഇടിച്ചു തെറിപ്പിച്ചു. സംഭവത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പുകയില വ്യവസായിയുടെ മകന്‍റെ പേര് ചേര്‍ക്കാതിരുന്നത് വിവാദമായി. ഒടുവില്‍ ഇയാള്‍ക്കെതിരെ കേസെടുത്തു.

ശതകോടീശ്വരനും പുകയില വ്യവസായിയുമായ കെകെ മിശ്രയുടെ മകന്‍ ശിവം മിശ്ര ഓടിച്ച പത്തു കോടി വില വരുന്ന ലംബോര്‍ഗിനിയാണ് അപകമുണ്ടാക്കിയത്. ഗ്വാള്‍ട്ടോളി മേഖലയിലെ റെവ് 3 മാളിന് സമീപം ഞായറാഴ്ച വൈകുന്നേരം 3.15 ഓടെയാണ് അപകടം നടന്നത്. ഡല്‍ഹി രജിസ്‌ട്രേഷനിലുള്ള ലംബോര്‍ഗിനി അമിത വേഗതയില്‍ വന്ന് ആദ്യം ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വേഗത കൂടിയ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലേയ്ക്ക് ഇടിച്ചുകയറി. 

ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ ഏകദേശം 10 അടി ഉയരത്തിലേക്ക് തെറിച്ചു വീണു. ബൈക്കിന്റെ മുൻ ചക്രത്തിന് മുകളിലൂടെ കയറി കുറച്ചുദൂരം വലിച്ചിഴച്ച കാർ പിന്നീട് ഒരു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരനും പരിക്ക് പറ്റി. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തിൽ കുപിതരായ നാട്ടുകാർ ശിവത്തെ കാറിൽനിന്ന് ഇറങ്ങുന്നതിൽനിന്ന് തടഞ്ഞുവെച്ചു. ഈ സമയത്ത് സ്വകാര്യ ബൗൺസർമാർ സ്ഥലത്തെത്തി ശിവത്തെ രക്ഷിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെന്നും നാട്ടുകാർ ആരോപിച്ചു. പിന്നീട് പൊലീസ് എത്തി പരിക്കേറ്റവരെയും ശിവത്തേയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റവരുടേയും ദൃക്‌സാക്ഷികളുടേയും മൊഴി രേഖപ്പെടുത്തി. ലംബോര്‍ഗിനി പിടിച്ചെടുത്ത് മെക്കാനിക്കല്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

അപകടസമയത്ത് ശിവം മിശ്ര ഓടിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാറായ ലംബോര്‍ഗിനി റെവല്‍ട്ടോയുടെ ഓണ്‍റോഡ് വില 10 കോടി രൂപയില്‍ കൂടുതലാണ്. അശ്രദ്ധമായി വാഹനമോടിച്ച് പരിക്കേല്‍പ്പിച്ചതിനാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2004 ല്‍ മിശ്ര കുടുംബം ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 924