05 February, 2026 10:41:23 AM
പാലക്കാട് തണ്ണിമത്തനുകള്‍ക്കടിയില്‍ സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്തിയ ലോറി പിടികൂടി

പാലക്കാട്: ദേശീയ പാതയിൽ നിന്നും വൻ സ്‌ഫോടക ശേഖരം പിടികൂടി. പിക്കപ്പ് വാനിൽ തണ്ണിമത്തൻ ആണെന്ന വ്യാജേനയാണ് സ്‌ഫോടകവസ്തുകൾ കടത്താൻ ശ്രമിച്ചത്. തമിഴ്‌നാട്ടിലെ ധാരാപുരത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് മെഡിക്കൽ കോളേജിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ വാഹനത്തെ കിലോമീറ്ററുകളോളം പിന്തുടർന്നാണ് പിടികൂടിയത്. വാഹനത്തിൽ പരിശോധന നടത്തിയപ്പോൾ തണ്ണിമത്തൻ ചാക്കുകൾക്ക് താഴെ രഹസ്യമായി സൂക്ഷിച്ച നിലയിൽ നൂറിലധികം പെട്ടികൾ കണ്ടെത്തുകയായിരുന്നു.
പെട്ടികൾക്കുള്ളിൽ ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിക്കുകളുമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കരിങ്കൽ ക്വാറികളിൽ ഉപയോഗിക്കുന്നതിനായി തമിഴ്‌നാട്ടിൽ നിന്ന് അനധികൃതമായി എത്തിച്ചതാണ് ഇവയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വൻ സ്‌ഫോടനശേഷിയുള്ള വസ്തുക്കൾ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ജനവാസ മേഖലയിലൂടെ കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ സ്‌ഫോടകവസ്തുക്കൾ എവിടേക്കാണ് കൊണ്ടുപോയതെന്ന് അറിയാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.




