04 February, 2026 09:34:20 AM
തൃശ്ശൂരിൽ ആടുകളെ മേയ്ക്കാൻ പോയ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

തൃശൂർ : പീച്ചി മയിലാട്ടുംപാറയിൽ ആടുകളെ തീറ്റാൻ പോയ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. തോട്ടുങ്കര പുത്തൻപുരയിൽ ഷാജിയുടെയും സാലിയുടെയും മകൻ ഷിജോ (36) ആണ് മരിച്ചത്. അവിവാഹിതനാണ്. പീച്ചി വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ജീവനക്കാരനാണ്.
ചൊവ്വാഴ്ച വൈകീട്ട് 5.30-ന് ആടുകളെ മേയ്ക്കാനായി മയിലാട്ടുംപാറ കാട്ടിലെ ആനക്കുഴി മേഖലയിലേക്ക് പോയതാണ്. സന്ധ്യ കഴിഞ്ഞിട്ടും കാണാതായതോടെ നാട്ടുകാർ അന്വേഷിച്ച് കാടിനുള്ളിലേക്ക് പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി മൃതദേഹം പുറത്തെത്തിച്ചു. രോഷാകുലരായ ആളുകൾ വനംവകുപ്പിന്റെ വാഹനം തടയാൻ ശ്രമിച്ചത് ചെറിയ സംഘർഷത്തിനിടയാക്കി. ഷിജോയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്.




