17 November, 2025 01:09:44 PM
ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി; കർണാടകയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പേര്‍ പിടിയില്‍

കൊപ്പൽ: കർണാടകയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഞായറാഴ്ച നടന്ന സംഭവത്തിൽ ഉൾപ്പെട്ട നാല് പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സാമ്പത്തിക സാഹായം ആവശ്യപ്പെട്ട് സമീപിച്ചതാണ് സംഭവങ്ങളുടെ തുടക്കമെന്ന് പരാതിക്കാരി പറയുന്നു.
പ്രതികളിൽ തനിക്ക് പരിചയമുള്ള ഒരാളിൽ നിന്ന് പരാതിക്കാരി സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നു. അയാൾ 5000 രൂപ നൽകാമെന്നും അത് വാങ്ങുന്നതിനായി പറയുന്ന സ്ഥലത്ത് എത്തണമെന്നും ആവശ്യപ്പെട്ടു. അത് പ്രകാരം എത്തിയ സ്ത്രീയെ പ്രതി പണം നൽകാമെന്ന് പറഞ്ഞ് മോട്ടോർ സൈക്കിളിൽ യെൽബർഗയിലേക്ക് കൊണ്ടുപോയി. ഒറ്റപ്പെട്ട ഒരു സ്ഥലത്ത് എത്തിയപ്പോൾ മൂന്ന് പേർ അയാൾക്കൊപ്പം ചേർന്ന് അവൾക്ക് ജ്യൂസ് നൽകിയെന്നും തുടർന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതി.
ജ്യൂസിൽ മയക്കുമരുന്ന് കലർത്തിയതായും ആരോപിക്കുന്നു. സംഭവത്തിന് ശേഷം പ്രതികൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായും പറയുന്നു. അതിജീവിത ഇപ്പോൾ പ്രദേശത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 70 (കൂട്ടബലാത്സംഗം) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നാല് പ്രതികളെയും ഞായറാഴ്ച രാത്രി തന്നെ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി.




