14 April, 2025 06:08:19 PM
ശബരിമല ശ്രീകോവിലിൽ പൂജിച്ച സ്വർണ്ണ ലോക്കറ്റുകളുടെ വിതരണോത്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവ്വഹിച്ചു

ശബരിമല: മേടമാസ പുലരിയിൽ വിഷു ദിനത്തിൽ ശബരിമല സന്നിധാനത്ത് ഭക്തരുടെ ഏറെ നാളായുള്ള ഒരു ആഗ്രഹം കൂടി സഫലമായി . ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം മുദ്രണം ചെയ്ത സ്വർണ്ണ ലോക്കറ്റുകളുടെ വിതരണോത്ഘാടനം രാവിലെ 6.30 ന് കൊടിമരചുവട്ടിൽ മന്ത്രി വി.എൻ. വാസവൻ നിർവ്വഹിച്ചു. ആന്ധപ്രദേശ് സ്വദേശി കൊബാഗെപ്പു മണിരത്നം ആണ് ആദ്യ ലോക്കറ്റ് ഏറ്റുവാങ്ങിയത്. തുടർന്ന് തന്ത്രി കണ്ടരര് രാജീവര്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം അഡ്വ. എ. അജികുമാർ എന്നിവർ ഭക്തർക്ക് ലോക്കറ്റുകൾ വിതരണം ചെയ്തു.
ഓൺലൈനിലൂടെ ആദ്യം ബുക്ക് ചെയ്ത ഭക്തരിൽ നിന്നും തെരെഞ്ഞെടുത്തവർക്കാണ് വിഷു പുലരിയിൽ ലോക്കറ്റ് കൈമാറിയത്. രണ്ട് ഗ്രാം, നാല് ഗ്രാം, 8 ഗ്രാം എന്നിങ്ങനെ വ്യത്യസ്ത തൂക്കത്തിലുള്ള സ്വർണ്ണ ലോക്കറ്റുകളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തർക്കായി ഒരുക്കിയിരിക്കുന്നത്. രണ്ട് ഗ്രാം സ്വർണത്തിലുള്ള ലോക്കറ്റിന് 19,300/- രൂപയും നാല് ഗ്രാം സ്വർണ ലോക്കറ്റിന് 38,600/- രൂപയും, 8 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റ് 77,200/- രൂപയുമാണ് നിരക്ക്. WWW.sabarimalaonline.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ വഴി ബുക്ക് ചെയ്ത ലോക്കറ്റുകൾ ശബരിമല സന്നിധാനത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ നിന്ന് ഭക്തർക്ക് കൈപ്പറ്റാവുന്നതാണ്. ബുക്കിംഗ് ആരംഭിച്ച് രണ്ട് ദിവസത്തിനകം തന്നെ 100 ഭക്തർ ലോക്കറ്റുകൾ ബുക്ക് ചെയ്ത് കഴിഞ്ഞു.