28 February, 2025 07:30:21 PM
സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല ഉത്സവം മാർച്ച് 5 മുതൽ 14 വരെ

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമലയായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം മാര്‍ച്ച് 5 മുതല്‍ 14 വരെ ആഘോഷിക്കും. 13 നാണ് പ്രസിദ്ധമായ പൊങ്കാല. മാര്‍ച്ച് 5 ബുധനാഴ്ച രാവിലെ 10ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവചടങ്ങുകൾ ആരംഭിക്കും. മൂന്നാം ദിവസമായ മാര്‍ച്ച് 7ന് രാവിലെ 9.15ന് കുത്തിയോട്ടവ്രതം ആരംഭിക്കും. ഒന്‍പതാം ദിവസമായ 13ന് രാവിലെ 10.15ന് പൊങ്കാല അടുപ്പില്‍ തീ പകരും. ഉച്ചയ്‌ക്ക് 1.15ന് പൊങ്കാല നിവേദിക്കും. വൈകുന്നേരം 7.45ന് കുത്തിയോട്ടബാലന്മാരുടെ ചൂരല്‍ കുത്ത് നടക്കും. രാത്രി 11.15ന് ദേവിയെ പുറത്തെഴുന്നള്ളിക്കും
മാര്‍ച്ച് 14ന് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ദേവിയെ അകത്തെഴുന്നള്ളിക്കും. രാത്രി 10ന് കാപ്പഴിച്ച് കുടിയിളക്കും. രാത്രി 1 ന് കുരുതിതര്‍പ്പണത്തോടു കൂടി ഉത്സവം സമാപിക്കുമെന്ന് ആറ്റുകാൽ ഭഗവതി ട്രസ്റ്റ് ചെയർമാൻ എസ് വേണുഗോപാൽ, പ്രസിഡന്റ് വി ശോഭ, സെക്രട്ടറി ശരത്കുമാർ, ട്രഷറർ ഗീത കുമാരി, വൈസ് പ്രസിഡന്റ് പി കെ കൃഷ്ണൻ നായർ, ജോയിന്റ് സെക്രട്ടറി അനുമോദ് എസ്, പൊങ്കാല മഹോത്സവം 2025 ജനറൽ കൺവീനർ രാജേന്ദ്രൻ നായർ ഡിമീഡിയ & പബ്ലിസിറ്റി കൺവീനർ പ്രദീപ് ആർ ജെ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.