20 November, 2026 10:57:16 AM


പത്മിനി തോമസ് ബിജെപിയില്‍ നിന്ന് രാജിവെച്ചു



തിരുവനന്തപുരം:സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസ് ബിജെപിയിൽ നിന്ന് രാജിവച്ചു. വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച പത്മിനി തോമസ് 2024 മാര്‍ച്ചിലാണ് ബിജെപിയില്‍ ചേര്‍ന്നത്. സ്ഥാനമാനങ്ങള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്താനുള്ള പത്മിനി തോമസിന്റെ തീരുമാനം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അത് തന്നില്ലെന്ന് പത്മിനി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഏന്തെങ്കിലും പ്രതീക്ഷിച്ചായിരുന്നില്ല ബിജെപിയിലേക്ക് പോയത്. തിരുവനന്തപുരം കോര്‍പറേഷനില്‍ വിജയസാധ്യത ഇല്ലാഞ്ഞിട്ടുപോലും പാളയത്ത് മത്സരിച്ചു. അവിടെ ബിജെപിക്ക് കിട്ടുന്നതിനേക്കാള്‍ വോട്ട് നേടാന്‍ കഴിഞ്ഞു. കുടുംബം മുഴുവന്‍ കോണ്‍ഗ്രസ് ആണ്. അതുകൊണ്ട് താനും തിരികെ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു.  അന്ന് എടുത്തുചാടിയാണ് ബിജെപിയിലേക്ക് പോയത്. ഇപ്പോള്‍ പശ്ചാത്താപം ഉണ്ട്. തിരിച്ചുവരികയാണെങ്കില്‍ അത് കോണ്‍ഗ്രസിലേക്ക് മാത്രമായിരിക്കും എന്നും പത്മിനി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ മുരളീധരനുമെല്ലാം എന്നെ ഒരുപാട് സഹായിച്ചയാളാണ്. അന്ന് കെപിസിസി പ്രസിഡന്റുമായുള്ള ചെറിയ തര്‍ക്കമാണ് ബിജെപിയിലേക്ക് പോകാന്‍ ഇടയാക്കിയതെന്നും പത്മിനി തോമസ് പറഞ്ഞു. കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത് എന്തെങ്കിലും മോഹിച്ചല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകയായി തുടരും. സ്‌പോര്‍ട്‌സിനായി നല്ല കാര്യങ്ങള്‍ ചെയ്യാനാവുന്നത് ചെയ്യുമെന്ന് പത്മിനി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939