19 November, 2026 11:20:38 AM


അരിയില്‍ ഷുക്കൂർ വധക്കേസ്; പി ജയരാജനെയും ടി വി രാജേഷിനെയും വെറുതെവിട്ടു



കൊച്ചി: മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ വധിച്ച കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ, സംസ്ഥാന സമിതി അംഗം ടി വി രാജേഷ് ഉൾപ്പെടെയുള്ള പ്രതികളെ കോടതി വെറുതെവിട്ടു. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ പി ജയരാജന്‍ 32ാം പ്രതിയും ടിവി രാജേഷ് 33ാം പ്രതിയുമായിരുന്നു. ഷുക്കൂറിന്റെ മാതാവ് പിസി ആത്തിക്കയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് കേസ് സിബിഐക്ക് വിട്ടത്.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന് നേരെ ആക്രമണം ഉണ്ടായതിന്റെ പ്രതികാരമായാണ് അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയത് എന്നാണ് സിബിഐ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315ാം നമ്പര്‍ മുറിയില്‍ വച്ച് പി.ജയരാജനും ടിവി രാജേഷും അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രധാന ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നു.

ഒന്നു മുതൽ 15 വരെയുള്ള പ്രതികൾക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം, കുറ്റകൃത്യത്തിന് പ്രേരണ നൽകൽ, തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ, തെളിവു നശിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, ലഹളയുണ്ടാക്കൽ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 16–ാം പ്രതി കെ വി സജിത്തിനെതിരെ തെളിവ് നശിപ്പിക്കൽ‍ കുറ്റം ചുമത്തി. 17, 19, 20, 21, 22, 23, 24, 25, 26, 27 പ്രതികൾക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകൾ ഒഴികെയുള്ളവയാണ് ചുമത്തിയിട്ടുള്ളത്.

18–ാം പ്രതി എൻ പി നവീൻ, 28–ാം പ്രതി പി പി സുരേശൻ, 29–ാം പ്രതി കെ ബാബു, യു വി വേണു, 31–ാം പ്രതി എ വി ബാബു, 32–ാം പ്രതി പി ജയരാജൻ, 33–ാം പ്രതി ടി വി രാജേഷ് എന്നിവർക്കെതിരെ കൊലപാതക കുറ്റത്തിനു പുറമേ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. ഇതിൽ 20–ാം പ്രതി എ സരീഷ്, 31–ാം പ്രതി എ വി ബാബു എന്നിവർ നേരത്തെ മരിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940