16 November, 2026 12:13:55 PM
മലപ്പുറത്ത് സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് കുട്ടി മരിച്ച സംഭവം; മാപ്പുപറഞ്ഞ് കെഎസ്ഇബി

മലപ്പുറം: തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽ നിന്നും ഷോക്കേറ്റ് 14 വയസുകാരൻ മരിച്ച സംഭവത്തിൽ പ്രതികരിച്ച് കെഎസ്ഇബി. പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ അതിപ്രധാനമാണെന്നും ഇത്തരം അപകടങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കാര്യക്ഷമമായ നടപടികൾ ഉണ്ടാകുമെന്നും കെഎസ്ഇബിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു. മാപ്പുപറഞ്ഞുകൊണ്ടായിരുന്നു കെഎസ്ഇബി പ്രതികരിച്ചത്. കെഎസ്ഇബിയുടെ അനാസ്ഥയാണ് ഗുരുതര വീഴ്ചയ്ക്ക് കാരണമെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് കെഎസ്ഇബിയുടെ പ്രതികരണം.
തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദ് (13) ആണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. വീടിന് സമീപത്തെ വയലിൽ കളിക്കുന്നതിനിടെയായിരുന്നു അപകടം. കെഎസ്ഇബിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. സ്റ്റേ കമ്പിയുടെ ഒരു ഭാഗം വൈദ്യുത ലൈനിൽ സ്പർശിക്കുന്ന നിലയിലായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മലപ്പുറം തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽ നിന്നും ഷോക്കേറ്റ് 14 വയസ്സുള്ള ജുനൈദ് എന്ന കുട്ടിക്ക് ജീവഹാനിയുണ്ടായത് വളരെ സങ്കടകരമാണ്. ഒരിക്കലും സംഭവിക്കരുതാത്തതാണ് സംഭവിച്ചത്. പൊതുജനസമക്ഷം മാപ്പ് പറയുന്നു. പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ അതിപ്രധാനമായാണ് കെ എസ് ഇ ബി പരിഗണിക്കുന്നത്. ഇത്തരം അപകടങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കാര്യക്ഷമമായ നടപടികൾ ഉണ്ടാകും. അപകടമുണ്ടാകാനുണ്ടായ സാഹചര്യം നിഷ്പക്ഷമായും കൃത്യമായും തിരൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ അന്വേഷിച്ച് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി ഉണ്ടാകും.
എല്ലാ ലൈനുകളും പട്രോളിംഗ് നടത്തി അപകടസാധ്യത കണ്ടെത്തി ഒഴിവാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കും .ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിൻ വൈദ്യുതി സംബന്ധമായ അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയും വിശദാംശങ്ങളും 94 96 01 01 01 എന്ന നമ്പരിൽ വാട്സാപ് ചെയ്ത് മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇനിയൊരിക്കൽക്കൂടി ഇത്തരമൊരു അപകടം ആവർത്തിക്കാതെയിരിക്കാൻ വേണ്ട എല്ലാ നടപടികളും ആത്മാർത്ഥമായി സ്വീകരിക്കും. ജുനൈദിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. കെ എസ് ഇ ബി മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും പേരിൽ ജുനൈദിന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും പൊതുജനങ്ങളുടെയും മുമ്പാകെ ഒരിക്കൽക്കൂടി മാപ്പ് പറയുന്നു- എന്നാണ് കുറിപ്പ്.



