16 November, 2026 07:15:05 PM


പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവ്; കേസെടുത്ത് പൊലീസ്



കൊച്ചി: പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവില്‍കേസെടുത്ത് പൊലീസ്. ചികിത്സാപ്പിഴവിനെ തുടര്‍ന്ന് കാല്‍ മുറിച്ച് മാറ്റേണ്ടി വന്ന അബ്ദുള്‍ ജബ്ബാര്‍ നല്‍കിയ പരാതിയിലാണ് വടക്കന്‍ പറവൂര്‍ പൊലീസ് കേസെടുത്തത്. അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ പ്രതിചേര്‍ത്താണ് എഫ്‌ഐആര്‍. എന്നാൽ ഡോക്ടറുടെ പേര് ചേര്‍ത്തിട്ടില്ല.

താലൂക്ക് ആശുപത്രിയിലെ ചികിത്സാപിഴവ് മൂലം അബ്ദുല്‍ ജബ്ബാറിന്റെ കാല്‍ മുറിച്ചുമാറ്റേണ്ടി വന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. വലതുകാലിന്റെ പാദത്തില്‍ രാത്രി ഏഴുമണിയോടെ കഠിനമായ വേദന വന്നതോടെയാണ് ജൂലൈ 26ന് ജബ്ബാര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ച് വേദനസംഹാരികളും കുത്തിവെയ്പ്പും നല്‍കിയ ശേഷം വീട്ടിലേക്ക് വിടുകയായിരുന്നു. വേദന കുറയാതിരുന്നതിനാല്‍ വീണ്ടും ആശുപത്രിയിലെത്തി.

പിറ്റേന്ന് സര്‍ജനെ കാണാന്‍ നിര്‍ദേശിച്ച് ഡോക്ടര്‍ തിരിച്ചയച്ചതെന്ന് ജബ്ബാര്‍ പറയുന്നു. എന്നാല്‍ സ്ട്രോക് കാരണമാണ് വേദനയെന്നും എട്ട് മണിക്കൂറിനകം ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നുവെന്നും ഇനി കാല്‍ മുറിച്ചുമാറ്റാതെ മാര്‍ഗമില്ലെന്നും പിറ്റേന്ന് ആശുപത്രിയിലെത്തിയതോടെ ഡോക്ടര്‍ പറയുകയായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഇതേ കാര്യം പറഞ്ഞതോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി മുട്ടിന് താഴെ മുറിച്ചുമാറ്റുകയായിരുന്നു.

താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലമാണ് കാല് മുറിച്ചുമാറ്റേണ്ടി വന്നതെന്ന അബ്ദുല്‍ ജബ്ബാറിന്റെ ആരോപണത്തിനെതിരെ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ് രംഗത്ത് വന്നിരുന്നു. പരാതിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും ജബ്ബാറിനെ ആശുപത്രിയില്‍ എത്തിച്ചത് സിപിഐഎമ്മുകാരാണെന്നും രമേഷ് ആരോപിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 292