17 November, 2026 02:14:50 PM
നടിയെ ആക്രമിച്ച കേസ്:ജഡ്ജിക്കെതിരായ അഭിഭാഷകയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക അഡ്വ. ടി.ബി. മിനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണയ്ക്കിടെ കോടതിയിൽ തന്നെ അപമാനിക്കുന്ന തരത്തിൽ ജഡ്ജി പരാമർശം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഹർജി.
കേസ് പരിഗണിക്കുമ്പോൾ താൻ കോടതിയിലിരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ ഹാജരായതെന്നുമുള്ള ജഡ്ജിയുടെ പരാമർശം അപകീർത്തികരമാണെന്നായിരുന്നു ടി.ബി. മിനിയുടെ പരാതി. ഇതിൽ കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.
ഈ പരാമർശം തന്റെ ഔദ്യോഗിക ജീവിതത്തിന് കളങ്കമുണ്ടാക്കിയെന്നും തനിക്കെതിരെ വ്യാപകമായ സൈബർ ആക്രമണങ്ങൾക്ക് വഴിവെച്ചെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാൻ അനുമതി തേടി അഡ്വക്കറ്റ് ജനറലിനെ (AG) സമീപിച്ചിരുന്നെങ്കിലും അപേക്ഷ എ.ജി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വമേധയാ കേസെടുക്കണമെന്ന ആവശ്യവുമായി ടി.ബി. മിനി ഹൈക്കോടതിയെ സമീപിച്ചത്.



