15 November, 2026 07:50:25 PM
മലപ്പുറത്ത് സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ് 13 കാരൻ മരിച്ചു

മലപ്പുറം: മലപ്പുറത്ത് സ്റ്റേ കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. മലപ്പുറം തിരൂരങ്ങാടിയിലാണ് സംഭവം. ചെറുമുക്ക് സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദ് (13) ആണ് മരിച്ചത്. വീടിന് സമീപത്തെ വയലിൽ കളിക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്.
വയലിൽ മീൻപിടിക്കാൻ പോയപ്പോഴായിരുന്നു അപകടം. ഇതിനിടെ വൈദ്യുത പോസ്റ്റിലെ പൊട്ടിക്കിടന്ന സ്റ്റേ കമ്പിയിൽ പിടിച്ചതോടെ ജുനൈദിന് ഷോക്കേൽക്കുകയായിരുന്നു. സ്റ്റേ കമ്പി വൈദ്യുത ലൈനുമായി സമ്പർക്കത്തിലായതാണ് അപകടത്തിന് കാരണമായത്.
വൈദ്യുതാഘാതമേറ്റ ജുനൈദിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.



