31 October, 2026 01:22:23 PM


ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗുപ്ത അന്തരിച്ചു



മുംബൈ: കാന്റെ, സിന്ദ, ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്‌വാല തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു. 57 വയസായിരുന്നു. ഒക്ടോബർ 30നായിരുന്നു അന്ത്യം. ബാത്‌റൂമിൽ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ടുകൾ. സിനിമാ പ്രസിദ്ധീകരണമായ ഫിലിം ഇൻഫർമേഷനാണ് മരണവാർത്ത പുറത്തുവിട്ടത്.  

ഉച്ചയ്ക്ക് 2.30ഓടെയാണ് അദ്ദേഹം വീണത്. ഭാര്യയും രണ്ട് ആൺമക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും ആദ്യം സംഭവം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ വ്യക്തമല്ല. നിരവധി വർഷം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ ക്രൈം പശ്ചാത്തലത്തിലുള്ള ചിത്രങ്ങളിലൂടെയാണ് സഞ്ജയ് ഗുപ്ത ശ്രദ്ധ നേടിയത്. നടൻ സഞ്ജയ് ദത്തിനൊപ്പം പ്രവർത്തിച്ച കാന്റെ (2002), മുസാഫിർ (2004), സിന്ദ (2006), ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്‌വാല (2007) എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

1991ൽ മുംബൈയിലെ ലോഖണ്ഡ്‌വാല കോംപ്ലക്സിൽ നടന്ന വെടിവയ്പ്പിനെ ആസ്പദമാക്കിയായിരുന്നു ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്‌വാല. ചിത്രത്തിന്റെ സംവിധായകനും നിർമാതാവും സഹതിരക്കഥാകൃത്തുമായിരുന്നു ഗുപ്ത. പിന്നീട് ഷൂട്ടൗട്ട് അറ്റ് വഡാല (2013) എന്ന ചിത്രത്തിലൂടെയും യഥാർഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ക്രൈം കഥയിലേക്ക് അദ്ദേഹം മടങ്ങിയെത്തി. ജസ്ബ (2015), കാബിൽ (2017), ദസ് കഹാനിയാൻ (2007), ആസിഡ് ഫാക്ടറി (2009), മുംബൈ സാഗ (2021) എന്നിവയാണ് മറ്റു പ്രധാന സംവിധാന സംരംഭങ്ങൾ. 2001ൽ സ്ഥാപിച്ച വൈറ്റ് ഫെതർ ഫിലിംസ് എന്ന നിർമാണ കമ്പനിയുടെ ബാനറിൽ നിരവധി ചിത്രങ്ങളും നിർമിച്ചു. ദി മിറാൻഡ ബ്രദേഴ്സ്, വിസ്ഫോട്ട് എന്നിവയാണ് 2024ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ അവസാനകാല ചിത്രങ്ങൾ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 294