23 July, 2026 06:29:45 PM


സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു



കോഴിക്കോട്: സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 81 വയസായിരുന്നു. നാളെ രാവിലെ 10 മണിക്കാണ് മയ്യിത്ത് നിസ്‌കാരം. മലപ്പുറം തിരൂർക്കാട്ടെ വീട്ടിൽ എത്തിക്കുന്ന ഭൗതികദേഹം പിന്നീട് തിരൂർക്കാട് അൻവാറുൽ ഇസ്‌ലാമിൽ പൊതുദർശനത്തിനായി എത്തിക്കും.

തിരൂർക്കാട് കുന്നത്ത് മൂസ ഹാജിയുടെയും ഇയ്യാത്തുട്ടി മാടമ്പിയുടെയും മകനായി 1945ൽ മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കും മുറിയിലാണ് ആലിക്കുട്ടി മുസ്ലിയാരുടെ ജനനം. പിതാമഹനായ കുന്നത്ത് ആലി ഹാജിയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം തുടങ്ങി. 2010-ൽ സമസ്ത ജോയിൻ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആലിക്കോയ മുസ്ലിയാർ 2016-ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അഞ്ചാമത്തെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 

നിലവിൽ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് വൈസ് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ പ്രസിഡന്റ്, സമസ്‌ത ഭത്‌വ കമ്മിറ്റി അംഗം, സുന്നി അഫ്കാർ വാരിക ചീഫ് എഡിറ്റർ പദവി വഹിക്കുന്നു. കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനുമായിരുന്നു. ആൾ ഇന്ത്യ പേഴ്‌സണൽ ലോ ബോർഡ്, മുസ്‌ലിം വേൾഡ് ലീഗ് ഫിഖ്ഹ് കൗൺസിൽ എന്നീ സമിതികളിൽ പ്രത്യേക ക്ഷണിതാവാണ്. ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം നിരവധി അന്താരാഷ്ട്ര വേദികളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297