08 October, 2026 11:39:00 AM


സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു അന്തരിച്ചു



കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു. കോഴിക്കോട് ചെറുവണ്ണൂരിലെ വീട്ടിലായിരുന്നു അന്ത്യം. 103 വയസായിരുന്നു. സംസ്ക്കാരം നാളെ രാവിലെ 11ന് ബോദീശ്വരം ശ്മശാനത്തിൽ. 1923 ജനുവരിയിൽ ചെറുവണ്ണൂർ പുതിയ പറമ്പിൽ അപ്പുവിന്റെയും അമ്മുവിന്റെയും മകനായാണ് പി. വാസുവിന്റെ ജനനം. സ്കൂള്‍ പഠനകാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി. 

ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. സമരത്തില്‍ പങ്കെടുത്തതിനാല്‍ ബ്രിട്ടീഷ് പോലീസിന്റെ ക്രൂരമായ മര്‍ദനത്തിന് ഇരയായിരുന്നു. ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. പ്രായത്തെ അവഗണിച്ച് നൂറു വയസ്സു പിന്നിട്ടിട്ടും അദ്ദേഹം പൊതു രംഗത്ത് നിലക്കൊണ്ടു. 103-ാം വയസ്സിലും അദ്ദേഹം വോട്ടു രേഖപ്പെടുത്താന്‍ ബൂത്തില്‍ എത്തിയിരുന്നു.  

സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതു മുതലാണ് സോഷ്യോ വാസു എന്ന പേരു കിട്ടിയത്. രക്തത്തില്‍ അഹിംസ അലിഞ്ഞുചേര്‍ന്ന കറതീര്‍ന്ന ഗാന്ധിയനായാണ് ജീവിതാവസാനം വരെ നിലക്കൊണ്ടത്. പതിനെട്ടാം വയസില്‍ തുടങ്ങിയ പോരാട്ട വീര്യ മരണംവരെ ചോര്‍ന്നുപോയില്ല.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913