27 June, 2026 10:33:38 AM


പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു



ചെന്നൈ: സംവിധായകനും നടനും ആയ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തിരക്കഥാകൃത്തായും തിളങ്ങി. 25 സിനിമകൾ സംവിധാനം ചെയ്തു. 1983 ൽ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉർവശിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകൻ ആണ് ഇദ്ദേഹം. മിസ്റ്റര്‍ മരുമകൻ, ഏയ്ഞ്ചൽ ജോണ്‍ എന്നീ മലയാള സിനിമകളിലും ഭാഗ്യരാജ് അഭിനയിച്ചിട്ടുണ്ട്. 'മഞ്ഞിൽ വിരിഞ്ഞ പൂക്കള്‍' എന്ന സിനിമയിലെ നായിക പൂർണിമ ഭാഗ്യരാജ് ആണ് ഭാര്യ. മകൻ ശാന്തനു ഭാഗ്യരാജും അഭിനേതാവാണ്. 

ഇന്ത്യന്‍ സിനിമയിലെ തിരക്കഥകളുടെ രാജാവ് എന്നാണ് ഭാഗ്യരാജ് അറിയപ്പെടുന്നത്. തനതായ ഹാസ്യശൈലിയും കുടുംബബന്ധങ്ങളുടെ കഥ പറയുന്ന തിരക്കഥകളുമാണ് അദ്ദേഹത്തിന്റെ സിനിമകളുടെ പ്രധാന പ്രത്യേകത. 1953 ജനുവരി 7ന് തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലുള്ള വെള്ളന്‍കോയിലിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സംവിധായകന്‍ ഭാരതിരാജയുടെ സഹായിയായിട്ടാണ് ഭാഗ്യരാജ് സിനിമയില്‍ എത്തിയത്. 16 വയതിനിലേ, സിഗപ്പു റോജാക്കള്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാ പങ്കാളിയായും ചെറിയ വേഷങ്ങള്‍ ചെയ്തും ശ്രദ്ധേയനായി. 1979ല്‍ പുറത്തിറങ്ങിയ സുവരില്ലാത്ത ചിത്തിരങ്ങള്‍ ആണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K