07 September, 2026 10:58:42 PM


പ്രശസ്ത മയൂരനൃത്ത കലാകാരന്‍ കുമാരനല്ലൂര്‍ മണി അന്തരിച്ചു



ഏറ്റുമാനൂര്‍: പ്രശസ്ത മയൂരനൃത്ത കലാകാരന്‍ ഏറ്റുമാനൂര്‍ ചൂരകുളങ്ങര ഇല്ലത്തുപറമ്പില്‍ ചൂരകുളങ്ങര മണി എന്ന കുമാരനല്ലൂർ മണി (നാരായണൻ - 82) അന്തരിച്ചു. ഭാര്യ: വെമ്പള്ളി ഏഴേകുന്നേല്‍ കുടുംബാംഗം ലക്ഷ്മികുട്ടി. മക്കള്‍: രമേശ് (സുരേഷ്), ഹരികുമാര്‍ (മയൂരനൃത്ത കലാകാരന്‍), മരുമക്കള്‍: നിര്‍മ്മല, അമ്പിളി. മൃതദേഹം ചൊവ്വാഴ്ച 12 മണി വരെ ചൂരകുളങ്ങരയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം 4 മണിക്ക് കാണക്കാരി പനാമകവലയ്ക്കു സമീപമുള്ള മകന്‍ സുരേഷിന്‍റെ വീട്ടുവളപ്പില്‍. 


കേരളത്തിലെ പാരമ്പര്യ അനുഷ്ഠാന കലയായ മയിലാട്ടം (മയൂരനൃത്തം) ജനകീയമാക്കുന്നതിൽ പ്രമുഖപങ്കുവഹിച്ച കലാകാരനാണ് മണി. മയിലാട്ടത്തിന് ആവശ്യമായ അസാധാരണമായ സ്റ്റാമിനയും മരകമ്പുകളിൽ ഉയർന്നുള്ള പ്രകടനങ്ങളും കൊണ്ട് ശ്രദ്ധേയനായ അദ്ദേഹത്തിന് കേരള ഫോക്‌ലോർ അക്കാദമിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ കുമാരനല്ലൂർ സ്വദേശിയായ ഇദ്ദേഹം കേരളത്തിലെ വിവിധ ഉത്സവപ്പറമ്പുകളിലും ക്ഷേത്രങ്ങളിലും ഈ തനിമയാർന്ന കലാരൂപം അവതരിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മകന്‍ ഹരികുമാര്‍ (കുമാരനല്ലൂര്‍ ഹരി) ആണ് ഇപ്പോള്‍ ഈ കല അവതരിപ്പിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K