10 September, 2026 09:42:04 AM
മന്ത്രിമാരെ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല- കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൽ നിന്നും നേരിടുന്നത് കടുത്ത അവഗണനയാണെന്ന് കടലിൽ കാണാതായ മത്സത്തൊഴിലാളി ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മ. ആറ് മന്ത്രിസഭാ യോഗങ്ങൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരവും ജോലിയും ചർച്ചചെയ്തില്ലെന്ന് രേഷ്മ പറയുന്നു. വിളിച്ചാൽ മന്ത്രിമാർ ഫോൺ എടുക്കുന്നില്ലെന്നും കോൾ കട്ട് ചെയ്യുകയാണെന്നും രേഷ്മ പറഞ്ഞു. സന്ദേശങ്ങൾക്ക് മറുപടി ലഭിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഗൗതം കൃഷ്ണയുടെ വിഷയത്തിൽ സർക്കാർ തലത്തിൽ തീരുമാനമില്ല എന്നതിന്റെ തെളിവാണിത്. ഇതോടെ, നീതി തേടിയുള്ള കുടുംബത്തിന്റെ കാത്തിരിപ്പ് തുടരുകയാണ്.
പുത്തൻതുറ സ്വദേശിയായ ഗൗതം കൃഷ്ണ അച്ഛനും മുത്തശ്ശനുമൊപ്പം മത്സ്യബന്ധനത്തിന് പോയപ്പോഴാണ് വള്ളം മറിഞ്ഞത്. അപകടത്തിന് പിന്നാലെ നടത്തിയ തിരച്ചിലിൽ ഗൗതം കൃഷ്ണയുടെ അച്ഛന്റെയും മുത്തശന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും ഗൗതം കൃഷ്ണയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തെരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ഗൗതം കൃഷ്ണയുടെ അമ്മ കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധത്തെ തുടർന്ന് തെരച്ചിൽ ശക്തമാക്കിയിരുന്നു. എന്നാൽ ഗൗതം കൃഷ്ണയുടെ കാര്യത്തിൽ സർക്കാരിന്റെ അനാസ്ഥ തുടരുന്നതിന്റെ തെളിവാണ് അമ്മ രേഷ്മയുടെ ആരോപണങ്ങൾ.


